സേവനങ്ങള്‍ വിളിപ്പുറത്ത്;കുന്നംകുളം നഗരസഭ 24 x 7

post

തൃശൂര്‍ : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറായി നീട്ടി ജനങ്ങള്‍ക്കൊപ്പം കുന്നംകുളം നഗരസഭ. 'വിളിക്കൂ ഞങ്ങള്‍ ഒപ്പമുണ്ട്' എന്ന സന്ദേശം നല്‍കിയാണ് ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നഗരസഭ രംഗത്തെത്തിയിരിക്കുന്നത്.നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത നഗരസഭ പ്രദേശത്തെ ജനങ്ങളുടെ ജീവിത പ്രശനങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കണ്ടെത്തി അവരെ മുന്നോട്ട് നയിക്കുന്ന ശ്രമകരമായ ഇടപെടല്‍ കൂടിയാണിത്.

ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിലെ അഗതികളുടെ താമസം, അതിഥി തൊഴിലാളികളുടെ താമസം, ഇതിനു പുറമെ സമൂഹ അടുക്കളയുടെ നടത്തിപ്പ്, രാത്രികാലങ്ങളിലെ ഭക്ഷണ വിതരണം, തെരുവ് നായ്ക്കള്‍ക്കുള്ള ഭക്ഷണ വിതരണം എന്നിവയാണ് സംഘാംഗങ്ങളുടെ ഒരു ദിവസത്തെ പ്രധാന ജോലികള്‍. ഇതിനു പുറമെ കമ്യൂണിറ്റി കിച്ചനിലേയ്ക്കുള്ള ഭക്ഷണ സാധന സാമഗ്രികളും ഇവര്‍ ഉത്തരവാദിത്വത്തോടെ സംഘടിപ്പിക്കുന്നു.

ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന നഗരസഭ പ്രദേശത്തെ വിവിധ സ്ഥലങ്ങള്‍ അണുവിമുക്തമാക്കല്‍, കോവിഡ് വ്യാപനമുണ്ടായാല്‍ രോഗികളെ പാര്‍പ്പിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കല്‍ തുടങ്ങിയ ജോലികളും ഇവര്‍ ചെയ്തു വരുന്നുണ്ട്. നഗരസഭ സെക്രട്ടറി കെ.കെ.മനോജിന് പുറമെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സനല്‍, കമല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജയകുമാര്‍, ആസിയ, രാജീവ്, അല്‍ത്താഫ് റഹ്മാന്‍, സാഫീറ, സംഗീത, രാമാനുജന്‍, നഗരസഭ ജിവനക്കാരായ സുമന്‍, ദിലിപ്, അനൂപ്, ദേവസി എന്നിവരും സംഘത്തിലുണ്ട്.