സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഏപ്രിൽ 28 ന്

'എന്റെ കേരളം 2025' പ്രദർശന വിപണന മേള ഏപ്രിൽ 29 മുതൽ മെയ് 5 വരെ
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം ഏപ്രിൽ 28 നും എന്റെ കേരളം 2025 പ്രദർശന വിപണന മേള ഏപ്രിൽ 29 മുതൽ മെയ് 5 വരെയും നടക്കും.
നാലാം വാർഷികാഘോഷ പരിപാടികളുടെ സംഘാടനം സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു.
കഴിഞ്ഞ ഒൻപത് വർഷക്കാലം സർക്കാർ നടപ്പാക്കിയ വിവിധ വികസനക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗത്തിൽ പ്രകാശനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് അതത് വകുപ്പ് മേധാവികൾ ശ്രമിക്കണം. പ്രദർശന വിപണന മേളകളിൽ എല്ലാ വകുപ്പുകളുടെയും സ്റ്റാളുകളും പ്രദർശനങ്ങളും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം നെടുങ്കണ്ടം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഏപ്രിൽ 28 ന് നടത്തും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ/തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, കലാ-സാംസ്കാരിക-കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ (ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, അധ്യാപകർ) വ്യവസായികൾ, പ്രവാസികൾ, സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ, പൗരപ്രമുഖർ, സാമുദായിക നേതാക്കൾ, തുടങ്ങിയ അഞ്ഞൂറോളം പേർ പങ്കെടുക്കും.
ഏപ്രിൽ 29 മുതൽ മെയ് 5 വരെ വാഴത്തോപ്പ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രദർശന വിപണന മേള സംഘടിപ്പിക്കും. സർക്കാർ സേവനങ്ങൾ, പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ടൂറിസം, വ്യവസായം, കൃഷി, വിദ്യാഭ്യാസം, തുടങ്ങിയ പ്രധാന മേഖലകൾ തിരിച്ച് സെമിനാറുകളും നടക്കും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും. തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ചെറുതോണി ടൗണിൽ നിന്ന് വർണാഭമായ വിളംബര ഘോഷയാത്രയും സംഘടിപ്പിക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാകുന്നേൽ, ജില്ലാ കളക്ടർ വി.വിഗ്നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.എസ് വിനോദ്, ജില്ലാതല ഏകോപനസമിതി ചെയർമാൻ സി.വി വർഗീസ്, ജനറൽ കൺവീനർ കെ സലിംകുമാർ, കൺവീനർ ജോസ് പാലത്തിനാൽ, ജോയിന്റ് കൺവീനർ ജോർജ് പോൾ, ഏകോപനസമിതി പ്രതിനിധികളായ അനിൽ കൂവപ്ലാക്കൽ, രാജു ജോസഫ്, പ്രഭ തങ്കച്ചൻ, ഷിജോ തടത്തിൽ, എൻ.കെ. പ്രിയൻ, ടി. നൗഷാദ്, സണ്ണി ഇല്ലിക്കൽ, സിനോജ് വള്ളാടി, ഐൻസ് തോമസ്, സിജി ചാക്കോ, നിമ്മി ജയൻ തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.