കോവിഡ് കാലത്ത് കരുത്തുകാട്ടി കുടുംബശ്രീ

post

കൊല്ലം : കോവിഡ് കാലത്ത് സര്‍ക്കാരിന്റെ ആശ്വാസ നടപടിയില്‍ പ്രാധാന്യമേറിയ  സമൂഹ അടുക്കളകളുടെ എണ്ണം നൂറിലേറെ എത്തിച്ച് ജില്ലയിലെ കുടുംബശ്രീ. ഇതുവരെ 1,75,928 ഉച്ചഭക്ഷണ പൊതികളാണ് സമൂഹ അടുക്കളകള്‍ വഴി നല്‍കിയത്. ഇതില്‍ 1,61,059 എണ്ണവും സൗജന്യമായാണ് നല്‍കിയത്. 25,000 ലേറെ പേര്‍ക്ക് പ്രാതലും ഏഴായിരത്തോളം പേര്‍ക്ക് രാത്രി ഭക്ഷണവും നല്‍കിയിട്ടുണ്ട്. 21 ജനകീയ അടുക്കളകള്‍ വഴി ഇരുപതിനായിരത്തിലേറെ പേര്‍ക്ക് 20 രൂപ നിരക്കില്‍ ഭക്ഷണവും നല്‍കി.

കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമായ മാസ്‌കുകളുടെയും ഹാന്‍ഡ് സാനിറ്റൈസറുകളുടെയും നിര്‍മാണത്തിലും കുടുംബശ്രീ സജീവമാണ്. മെഡിക്കല്‍ സെയില്‍സ് കോര്‍പ്പറേഷന്‍, കെ റ്റി ഡി സി, ആരോഗ്യ വകുപ്പ് തുടങ്ങിയവര്‍ക്കായി 3,25,000 മാസ്‌ക്കുകളാണ് ഒരുക്കി നല്‍കിയത്. 38 യൂണിറ്റുകളിലായി 250 ലേറെപ്പേര്‍ മാസ്‌ക്ക് നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നു. 965 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറാണ് കുടുംബശ്രീ ഉത്പന്നമായി പുറത്തിറങ്ങിയത്. എസ് ബി ഐ അടക്കമുള്ള ബാങ്കുകളാണ് സാനിറ്റൈസറുകളുടെ പ്രധാന ഉപയോക്താക്കള്‍. കോവിഡ് കാലത്തും തുണിസഞ്ചികളുടെ നിര്‍മാണവും സജീവമായി കുടുംബശ്രീ കുടക്കീഴില്‍ നടക്കുന്നു. ഏതാണ്ട് എട്ടു ലക്ഷം ഓര്‍ഡറുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

കുടുംബശ്രീയുടെ 8,704 വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കോവിഡ് സംബന്ധിച്ച വിവരങ്ങളും ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ വിശേഷങ്ങളും നല്‍കിവരുന്നു. 26 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ ക്വാറന്റയിനുള്ളവരുമായി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു. 128 നിര്‍ഭയ വോളന്റിയര്‍മാര്‍ പൊലീസുമായി ചേര്‍ന്ന് ഭവനങ്ങളില്‍ മരുന്നുകളും അവശ്യ വസ്തുക്കളും എത്തിച്ചു കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ് അറിയിച്ചു.

ജില്ലാതല അവലോകന യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള കുടുംബശ്രീ പ്രവര്‍ത്തന മികവിനെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.