മാലിന്യനിർമാർജ്ജനം; വിദ്യാലയങ്ങളിൽ പെൻ ബൂത്ത് സ്ഥാപിച്ച് അങ്ങാടി ഗ്രാമപഞ്ചായത്ത്

post

മാലിന്യനിർമാർജ്ജനത്തിൽ വേറിട്ട പദ്ധതിയുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്. വിദ്യാലയങ്ങളിൽ പെൻ ബൂത്ത് സ്ഥാപിച്ച് ശ്രദ്ധനേടുകയാണ് പഞ്ചായത്ത്. ഹരിത വിദ്യാലയങ്ങളായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2024-2025 ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് വിദ്യാലയങ്ങളിൽ പെൻ ബൂത്തുകൾ സ്ഥാപിച്ചത്. ആദ്യ ഘട്ടത്തിൽ 12 വിദ്യാലയത്തിൽ പെൻ ബൂത്ത് തയ്യാറാക്കി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേന അടക്കമുള്ളവ മൂലമുണ്ടാകുന്ന പരിസ്ഥിതിമലിനീകരണം തടയാൻ പെൻ ബൂത്തുകൾക്കാകും.

പ്രഥമ അധ്യാപകർക്കാണ് പെൻ ബൂത്തിന്റെ ചുമതല. ബൂത്ത് നിറയുന്ന മുറയ്ക്ക് ഹരിതകർമ സേനയുടെ സഹായത്തോടെ പുനരുപയോഗത്തിന് ക്ലീൻ കേരളയ്ക്ക് കൈമാറും. അങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ് കുമാർ നേതൃത്വം നൽകുന്നു. പദ്ധതിയുടെ ഭാഗമായി ബയോ ബിന്നുകളും വിതരണം ചെയ്തു. പ്ലാസ്റ്റിക്ക് പേനയുടെ ഉപയോഗം കുറച്ച് മഷിപ്പേനയിലേക്ക് മാറാനാണ് ശ്രമം. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പുനരുപയോഗവും ശാസ്ത്രീയ സംസ്‌കരണ രീതിയും തരംതിരിക്കലും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പഞ്ചായത്തിനുള്ളതെന്ന് പ്രസിഡന്റ് ബിന്ദു റെജി പറഞ്ഞു.