പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കി ഗുരുവായൂര്‍ അഗ്‌നിശമന സേന

post

തൃശൂര്‍ : കോവിഡ് 19 വൈറസിനെ ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ദിവസങ്ങളായി അണുനശീകരണ പ്രവര്‍ത്തനങ്ങളിലാണ് ഗുരുവായൂര്‍ അഗ്‌നിശമന സേനവിഭാഗവും സിവില്‍ ഡിഫന്‍സ് അംഗങ്ങളും. നഗരം, ഗ്രാമപ്രദേശങ്ങള്‍, ഓഫീസുകള്‍, മാര്‍ക്കറ്റ്, ബസ് സ്റ്റാന്റുകള്‍, കെഎസ്ഇബി ഓഫീസ്, പെട്രോള്‍ പമ്പ് തുടങ്ങിയ ഇടങ്ങളാണ് അണുവിമുക്തമാക്കുന്നത്. അഞ്ചോ ആറോ പേരടങ്ങുന്ന സംഘങ്ങളായി അകലം പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

ഗുരുവായൂര്‍, ചാവക്കാട് നഗരസഭാപ്രദേശങ്ങളും അകലാട്, പുന്നയൂര്‍ക്കുളം, ഒരുമനയൂര്‍, പൂവത്തൂര്‍, ആല്‍ത്തറ ഗ്രാമപ്രദേശങ്ങളിലും അണുനശീകരണം നടത്തി കഴിഞ്ഞു. കോവിഡ് സ്ഥിരീകരിച്ച പാവറട്ടിയിലും പുന്നയൂരും രോഗബാധിതരുടെ വീടും പരിസരവും, ചാവക്കാട് താലൂക്ക് ആശുപത്രി ഐസോലേഷന്‍ വാര്‍ഡും സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി തളിച്ചു അണുവിമുക്തമാക്കി.

അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ കൂടാതെ അവശ്യ സര്‍വീസും നല്‍കുന്നുണ്ട്. വീടുകളിലേക്ക് മരുന്ന് വാങ്ങി എത്തിച്ചു നല്‍കുക, ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കുക, രോഗികളെ ആശുപത്രിയില്‍ സുരക്ഷിതരായി കൊണ്ട് പോകുക, കമ്മ്യുണിറ്റി കിച്ചനില്‍ നിന്നും വീടുകളില്‍ താമസിക്കുന്ന വൃദ്ധര്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുള്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.