ജില്ലയില്‍ കൊയ്ത്തും നെല്ല് സംഭരണവും അതിവേഗത്തില്‍

post

തൃശൂര്‍ : കോവിഡ് മുന്‍കരുതലുകള്‍ക്കിടയിലും ജില്ലയില്‍ കൊയ്ത്തും നെല്ല് സംഭരണവും അതിവേഗം പുരോഗമിക്കുന്നു. കോള്‍ പാടശേഖരങ്ങളില്‍ 4000 ഹെക്ടര്‍ കൊയ്ത്ത് ഇതിനകം പൂര്‍ത്തിയായി. മറ്റ് പാടശേഖരങ്ങളടക്കം 13000 ഹെക്ടറിലെ കൊയ്ത്തും കഴിഞ്ഞിട്ടുണ്ട്. ഇനി കൊയ്യാനുള്ളത് 6000 ഹെക്ടര്‍ പാടം. ജില്ലയില്‍ 1,23000 ടണ്‍ നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിരിപ്പ്, രണ്ടാംവിള, കോള്‍ എന്നീ നിലങ്ങളിലെ ആകെ കണക്കാണിത്. ഇതില്‍ ഒരു ലക്ഷം ടണ്‍ നെല്ല് സപ്ലൈകോ വഴി സംഭരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 39757 ടണ്‍ സപ്ലൈകോ ഇതുവരെയായി സംഭരിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് കൊയ്ത്തും നെല്ല് സംഭരണവും അവശ്യസര്‍വീസായി പ്രഖ്യാപിച്ചതും അതു കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുമാണ് പ്രതിസന്ധിയെ മറകടക്കാന്‍ ജില്ലയെ തുണച്ചത്. 77 യന്ത്രങ്ങളാണ് ജില്ലയില്‍ നെല്ല് കൊയ്യുന്നത്. അരിമ്പൂര്‍ പഞ്ചായത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയിറക്കിയത്. 18 പടവുകളിലായി 1101 ഹെക്ടറിലാണ് അവിടെ കൃഷിയിറക്കിയത്. 6893 ഹെക്ടറിലാണ് ഇനി കൊയ്യാനുള്ള പാടശേഖരങ്ങള്‍. ഏപ്രില്‍ അവസാനത്തോടെ 80 ശതമാനം നെല്ലും വിളയുമെന്നാണ് പ്രതീക്ഷ. മെയ് രണ്ടാംവാരത്തോടെ ബാക്കിയുള്ള പാടങ്ങളും കൊയ്ത്തിന് തയ്യാറാകും.

107 കോടി മൂല്യമുള്ള നെല്ലാണ് കോവിഡ് കാലത്ത് സപ്ലൈകോ സംഭരിച്ചത്. പരാതികള്‍ ഒന്നുമില്ലാതെയാണ് സംഭരണം സുഗമമായി മുന്നേറുന്നതെന്ന് സപ്ലൈകോ പാഡി ഓഫീസര്‍ അറിയിച്ചു. കൊയ്ത്തു നടക്കുന്ന വേളയില്‍ തന്നെ യഥാസമയം മില്ല് അനുവദിച്ച് കിട്ടുന്നത് കൊണ്ട് കൊയ്ത്തു കഴിഞ്ഞ് നെല്ല് വൃത്തിയാക്കുമ്പോള്‍ തന്നെ സംഭരണം തുടങ്ങാന്‍ സാധിക്കുന്നു. നെല്ല് പാടത്ത് ദിവസങ്ങളോളം കിടക്കേണ്ടി വരുന്നില്ല. കര്‍ഷകര്‍ അപേക്ഷകള്‍ യഥാസമയം അതത് കൃഷി ഭവനിലും തുടര്‍ന്ന് കൃഷി ഓഫീസര്‍മാരുടെ ശുപാര്‍ശയോട് കൂടി സംഭരണ ഓഫീസിലും എത്തിക്കുന്നത് ഇതിന് വളരെയധികം സഹായകമാകുന്നു. പരിമിതമായ ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് ഈ രണ്ട് സ്ഥാപനങ്ങളും ജോലികള്‍ പൂര്‍ത്തീകരിക്കുന്നത്. കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇതിന് കാരണം.

വളരെ തൃപ്തികരമായ വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒരു കിലോ നെല്ലിന് 26 രൂപ 95 പൈസ വില ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 18.15 രൂപക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 8.80 രൂപ കൂടി ഉള്ളതുകൊണ്ടാണ് ഈ വില ലഭിക്കുന്നത്. കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ടാണ് തുക ലഭിക്കുക. ജില്ലയില്‍ നെല്ല് സംഭരണത്തിനായി സപ്ലൈകോയുമായി കരാറുള്ള 36 മില്ലുകള്‍ ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്. നെല്ല് കൊയ്‌തെടുക്കാന്‍ ജില്ലാ പഞ്ചായത്ത്, കയ്‌കൊ എന്നിവരുടെ കൈയില്‍ 50 ക്ളാസ് യന്ത്രങ്ങള്‍ ഉണ്ട്. 20 കര്‍ത്താര്‍ പ്രൈവറ്റ് മെഷീനുകളുമുണ്ട്. കൊയ്ത്ത് വേഗത്തിലാക്കാന്‍ കര്‍ത്താര്‍ മെഷീന് സാധിക്കുമെങ്കിലും ബ്രോക്കര്‍മാര്‍ മുഖേന കൈമറിഞ്ഞു വരുന്നതിനാല്‍ വാടക കൂടുതലാണ്. നെല്ല് കൊയ്ത് ഠാര്‍പായയില്‍ ഇട്ട് തരുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ചാക്കിലാക്കി സ്റ്റോക്ക് ചെയ്യണമെങ്കില്‍ തുക വേറെ നല്‍കേണ്ടി വരും. തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ പറ്റിയാല്‍ കൊയ്ത്ത് വേഗത്തിലാക്കാന്‍ സാധിക്കും. തൊഴിലുറപ്പ് തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി, ഇപ്പോള്‍ ലഭ്യമാകുന്ന മെഷീന്‍ ഉപയോഗിച്ച് പാടശേഖരസമിതികളും കര്‍ഷകരും മഴക്കാലത്തിന് മുമ്പ് നെല്ല് കൊയ്‌തെടുക്കാന്‍ ശ്രമിക്കണമെന്ന് ലെയ്‌സന്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലാണ് ലോക്ക്ഡൗണിലും കൊയ്ത്തും സംഭരണവും സുഗമമായി നടത്താന്‍ വഴിയൊരുക്കിയത്.