കുടുംബശ്രീ ക്രൈം മാപ്പിംഗ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു

post

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രൈം മാപ്പിങ് സംഘടിപ്പിച്ചു. ഇടുക്കി കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളെ അതിന്റെ ഉറവിടത്തിൽ നിന്ന് തന്നെ പരിഹരിക്കുന്നതാണ് ക്രൈം മാപ്പിഗിംന്റെ ലക്ഷ്യമെന്നും അതിൽ കുടുംബശ്രീ പ്രവർത്തകർക്ക് സമുഹത്തിന്റെ താഴെ തട്ടിൽ വരെ ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പീരുമേട്, ഉടുമ്പന്നൂർ, കുമാരമംഗലം, മൂന്നാർ, അറക്കുളം, കരുണാപുരം എന്നീ ആറ് പഞ്ചായത്തുകളിലെ 4850 സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ സർവ്വേ വിവരങ്ങൾ വെളിപ്പെടുത്തിയത്. സർവേയിൽ പങ്കെടുത്ത സ്ത്രീകൾ ആകെ 1639 അതിക്രമങ്ങൾ നേരിട്ടതായി വെളിപ്പെടുത്തി. സ്ത്രീകളുടെ പങ്കാളിത്തത്തോടെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, പ്രശ്‌നങ്ങൾ രഹസ്യാത്മകതയോടെ തുറന്ന് പറയുവാനുള്ള അവസരം നൽകുയും, വിവിധ പ്രദേശങ്ങൾ തിരിച്ച് രേഖപ്പെടുത്തുന്നതാണ് പദ്ധതി.

കൂടുതൽ സ്ത്രീകൾ നേരിട്ടത് വാചിക അതിക്രമങ്ങൾ ആണെന്നും ബന്ധുക്കളിൽ നിന്നും അപരിചിതരിൽ നിന്നു കൂടുതൽ അതിക്രമങ്ങൾ നേരിടേണ്ടി വന്നുവെന്ന് സർവ്വേയിൽ വ്യക്തമായി. ഓരോ സിഡിഎസിന് കീഴിലും പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാർ 6 പഞ്ചായത്തുകളിലെ ഓരോ വാർഡിലെയും 50 സ്ത്രീകളിൽ നിന്നാണ് വിവര ശേഖരണം നടത്തിയത്.

പീരുമേട്, ഉടുമ്പന്നൂർ, കുമാരമംഗലം, മൂന്നാർ, അറക്കുളം, കരുണാപുരം എന്നി പഞ്ചായത്തുകളിൽ നടത്തിയ സാമ്പിൾ സർവേയിലൂടെ വിവരങ്ങൾ ശേഖരിച്ചു. ആറ് പഞ്ചായത്തുകളിലെ സി.ഡി.എസ്. ചെയർപേഴ്‌സൺമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ എഡിഎംസി ജീ ഷിബു,കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഐ എസ് സൗമ്യ ഐ എസ്, ജില്ലാ ഡിവൈഎസ്പി സി.ആർ.ബിജു ,ജില്ലാ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം. .കെ പ്രസാദ്, വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ എസ് ഗീതാ കുമാരി, അഡ്വ. എം.എം.ലിസി, ജെപിഎം കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അഖില മരിയ ജോഷി സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ്, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ എഡ്യൂക്കേഷൻ ഓഫീസർ വി.ആർ ഷൈലാബായ്, സ്‌നേഹിത കൗൺസിലർ ടി.കെ വിനോജി , സിഡിഎസ് ചെയർപേഴ്‌സൺമാരായ ഷീബ ഭാസ്‌കരൻ, ഹേമ രവി, ജിൻസി വർഗീസ്,ഷോളി ജോസ് കെ. ശശികല , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാത്തുകുട്ടി മറ്റപ്പള്ളിൽ, പഞ്ചായത്ത് പ്രതിനിധികൾ, ക്രൈം മാപ്പിംഗ് ജില്ലാ ആർ പി ആൻസിയ ദിനേശ്,സിഡിഎസ് അംഗങ്ങൾ, എഫ്എൻഎച്ച്ഡബ്ലൂ ആർപിമാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ, സ്‌നേഹിതാ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.