ജില്ലാ ആയുർവേദ ആശുപത്രിയിൽ "ഇ ഹോസ്പിറ്റൽ " സംവിധാനം

post

നവീകരിച്ച നേത്ര വിഭാഗത്തിന്റെയും ഔഷധത്തോട്ടത്തിന്റെയും ഉദ്ഘാടനം നടത്തി

തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിലെ " ഇ ഹോസ്പിറ്റൽ " സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ നിർവഹിച്ചു. രോഗികൾക്ക് വളരെ എളുപ്പത്തിൽ ആഭാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടൊപ്പം ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കുവാൻ ഉള്ള സൗകര്യം "ഇ ഹോസ്പിറ്റൽ " ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു. ജില്ലയിൽ "ഇ ഹോസ്പിറ്റൽ " സംവിധാനം നിലവിൽ വരുന്ന ഭാരതീയ ചികിത്സാ വകുപ്പിലെ ആദ്യത്തെ ആശുപത്രിയാണ് തൊടുപുഴ ജില്ല ആയുർവേദ ആശുപത്രി. നവീകരിച്ച നേത്ര വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം  ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീല പി സി യും ഹെർബൽ ഗാർഡൻ ഉദ്ഘാടനം ആശുപത്രി വികസനസമിതി അംഗം പി പി ജോയും നിർവഹിച്ചു. 

ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീജ എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി കെ ആർ ഗോപി സ്വാഗതം ആശംസിച്ചു. നാഷണൽ ആയുഷ് മിഷൻ ഇടുക്കി ഡിപിഎം ഡോക്ടർ കെ എസ് ശ്രീദർശൻ മുഖ്യാതിഥിയായി.ആധുനിക ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന നേത്രരോഗങ്ങൾ പരിശോധിക്കുന്നതിന് നൂതന ചികിത്സ നിർണയ ഉപാധികൾ നേത്ര വിഭാഗം സജ്ജമാക്കിയിട്ടുണ്ട്.

മൂന്നുലക്ഷം രൂപചെലവ് വരുന്ന ഉപകരണങ്ങളിൽ സ്ലിറ്റ് ലാമ്പ്,അപ്ലനേഷൻ ടോണോമീറ്റർ, ഓട്ടോസ്കോപ്പ്, ഇ.എൻ.ടി സക്ഷൻ അപ്പാരറ്റസ് കൂടാതെ തുള്ളി മരുന്ന് നിർമ്മിച്ച് നൽകാൻ ഡിസ്റ്റിലേഷൻ അപ്പാർട്ട് എന്നിവയും ഉൾപ്പെടുന്നു. പൊതുജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണെന്നും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.