കോവിഡ് 19: ആദിവാസി മേഖലയില്‍ വയനാടിന്റെ ഫലപ്രദ ഇടപെടൽ

post

വയനാട്: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് ആദിവാസി സമൂഹത്തിനിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. കേരളമൊട്ടാകെ കൊറോണ വൈറസ് ബാധയ്‌ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിലും ജില്ലാ മിഷന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

ജില്ലയിലെ 3,300 ആദിവാസി കോളനികളില്‍ കൊറോണ വൈറസ് ബാധയെക്കുറിച്ചും അത് പ്രതിരോധിക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചുമുള്ള ബോധവത്ക്കരണം, ഹോമിയോപ്പതി വകുപ്പുമായി ചേര്‍ന്ന് പ്രതിരോധ ഗുളിക വിതരണം, ഭക്ഷ്യധാന്യ വിതരണം, സാമൂഹ്യ അടുക്കള വഴി ഭക്ഷണം ലഭ്യമാക്കല്‍ എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് വയനാട് മേഖലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കുടുംബശ്രീ ചെയ്തുവരുന്നത്. കൊറോണ ട്രൈബല്‍ സ്‌പെഷ്യല്‍ സെല്ലിന്റെ ഭാഗമായി കൈകള്‍ ശുചിയാക്കേണ്ടത് എങ്ങനെ, സാമൂഹ്യ അകലം പാലിക്കേണ്ടത് എങ്ങനെ, വീട്ടില്‍തന്നെ തുടരേണ്ടതിന്റെ ആവശ്യകത, കൊറോണ വൈറസ് വ്യാപനം എങ്ങനെയാണ് നടക്കുന്നത് എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് കുടുംബശ്രീ സംവിധാനം മുഖേന തുടക്കത്തില്‍ ബോധവത്ക്കരണം നടത്തിയത്. 47,139 ആദിവാസി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ 2, 865 കോളനികളിലും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു.

മാര്‍ച്ച് മാസം പകുതിയോടെ തന്നെ ജില്ലാ മിഷന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പ്രതിരോധശേഷി കുറവായതിനാല്‍ ഹോമിയോ വകുപ്പില്‍ നിന്ന് ലഭിച്ച പ്രതിരോധ ഗുളികകള്‍ ഓരോ ഊരുകളിലും എത്തിച്ച് നല്‍കുകയും ചെയ്തു. ഒപ്പം സൗജന്യ ഭക്ഷ്യധാന്യ വിതരണവും നടത്തി.

കുടകില്‍ നിന്ന് കൊറോണ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതതോടെ അതിന് ശേഷം അവിടെ നിന്നെത്തിയവരെ ക്വാറന്റൈന്‍ ചെയ്യുന്നതിന് ആരോഗ്യവകുപ്പിന് ജില്ലാ മിഷന്‍ പൂര്‍ണ്ണ പിന്തുണയേകി. ഇതിന് പുറമേ നൂല്‍പ്പുഴ പഞ്ചായത്തിലെ ഒറ്റപ്പെട്ട ആദിവാസി കോളനിയായ മണിമുണ്ടയില്‍ ടെലി കമ്മ്യൂണക്കേഷനിലൂടെ ബോധവത്ക്കരണ പരിപാടി നടത്തുന്നതിന് ജില്ലാ മിഷന്‍ സൗകര്യം ഒരുക്കിയിരുന്നു. നൂല്‍പ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് മണിമുണ്ട കോളനി നിവാസികള്‍ക്ക് കുരങ്ങുപനി, കോവിഡ് 19 രോഗ പ്രതിരോധം എന്നിവയില്‍ പ്രത്യേക ക്ലാസ്സുകളും നല്‍കി. കൂടാതെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ കുടുംബശ്രീയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി ജില്ലയിലെ 3 പഞ്ചായത്തുകളിലെ ആദിവാസി മേഖലയില്‍ 147 സാമൂഹ്യ അടുക്കളകള്‍ കുടുംബശ്രീ നടത്തിവന്നിരുന്നു. ഇതുവഴി 7,000ത്തോളം പേര്‍ക്ക് ഭക്ഷണവും നല്‍കിവന്നിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ വന്നതോട് കൂടി ഇവരെക്കൂടാതെ 500 പേര്‍ക്ക് കൂടി ഈ അടുക്കളകള്‍ വഴി ഭക്ഷണം ലഭ്യമാക്കാന്‍ തുടങ്ങിയതും മറ്റൊരു ശ്രദ്ധേയ പ്രവര്‍ത്തനം. ഇതിന് പുറമേ കൂടുതല്‍ സമൂഹ അടുക്കളകള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഓരോ സമൂഹ അടുക്കളകള്‍ കൂടി ഈ ആഴ്ച ആരംഭിക്കാനാണ് ജില്ലാ മിഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.