കുടിവെള്ള വിതരണം; ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

post

കണ്ണൂര്‍ : ജില്ലയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്തുകയും അവിടങ്ങളില്‍ ആവശ്യമായ ജലവിതരണം ഉറപ്പാക്കുകയും ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.വിതരണത്തിലെ കൃത്യത ഉറപ്പുവരുത്തുന്നതിനായി ജിപിഎസ് ട്രാക്കിങ് സംവിധാനം ഘടിപ്പിച്ച ടാങ്കര്‍ ലോറികള്‍ വാടകയ്ക്ക് എടുക്കാം. ഇതിന് ഗ്രാമപഞ്ചായത്തുകള്‍ നേരിട്ട് ടെണ്ടര്‍ ക്ഷണിച്ച് ലോറി ഉടമകളുമായി കരാറില്‍ ഏര്‍പ്പെടണം. ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ മാത്രമേ ജലവിതരണം പാടുള്ളൂ.കൂടാതെ ടാങ്കുകളെ കൃത്യമായി നിരിക്ഷിക്കുന്നതിന് മുഴുസമയ ജിപിഎസ് മോണിറ്ററിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയിലെ ജല അതോറിറ്റിക്ക് കീഴിലുള്ള 20 ഫില്ലിങ് സ്റ്റേഷനുകളില്‍ നിന്ന് കുടിവെള്ളം ടാങ്കറുകളില്‍ നിറച്ച് നല്‍കുന്നതിന് ജല അതോറിറ്റിയുമായി ധാരണയിലെത്തിയതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ശുദ്ധജല ക്ഷാമം സൃഷ്ടിക്കാനിടയുള്ള സങ്കീര്‍ണതകള്‍ മുന്‍കൂട്ടിക്കണ്ട് അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ള വിതരണത്തിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടികള്‍ സ്വീകരിക്കണം. അതേസമയം, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും മുന്‍കരുതലുകളും പാലിച്ച് കൊണ്ട് വേണം കുടിവെള്ള വതരണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ വ്യക്തമാക്കി.