ആറളത്ത് അടിക്കാട് വെട്ടിത്തെളിക്കാൻ സ്പെഷ്യൽ ഡ്രൈവ്

post

ആറളത്ത് അടിക്കാടുകൾ വെട്ടിത്തെളിക്കാൻ തദ്ദേശവാസികളായ 50 പേരെ കൂടി ഉൾപ്പെടുത്തി പത്ത് ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ആറളത്തെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിനിയോഗിക്കാനാകുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആറളത്ത് അഞ്ച് കിലോമീറ്റർ നീളത്തിൽ സോളാർ ഹാങ്ങിങ് ഫെൻസിങ് നിർമാണത്തിന് ജില്ലാ പഞ്ചായത്തും ആറളം ഗ്രാമപഞ്ചായത്തും ചേർന്ന് 36 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് ഈ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആനമതിൽ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടേയും ജില്ലാ കലക്ടറുടെയും നേതൃത്വത്തിൽ മാർച്ച് ഏഴ് വെള്ളിയാഴ്ച സൈറ്റ് ഇൻസ്പെക്ഷൻ നടത്തും. തുടർന്ന്, ആനമതിൽ നിർമാണവുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തും. വേറെ ഏതെങ്കിലും പ്രദേശം കൂടി ദുരന്തം അനുഭവിക്കുന്നുണ്ടോയെന്നുകൂടി പരിശോധിക്കും.

ആറളത്തുനിന്ന് തുരത്തുന്ന മൃഗങ്ങൾ അയ്യംകുന്ന് പഞ്ചായത്ത് പരിധിയിലേക്ക് കടന്നുവരുന്നതിൽ അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ആശങ്ക അറിയിച്ചു. അയ്യംകുന്നിലും ജാഗ്രതയോടുകൂടിയ പ്രവർത്തനം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥർ രാപകലില്ലാതെ സുരക്ഷയൊരുക്കുവാനുള്ള പ്രവർത്തനങ്ങൾ ഒരുക്കുകയാണെന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.

വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് മാത്രം പ്രശ്നം പൂർണതോതിൽ പരിഹരിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. അതിനാൽ ഈ പ്രദേശങ്ങളിൽ 24 മണിക്കൂറും പട്രോളിങ് നടത്തുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ എം.എൽ.എ കൺവീനറായി ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉൾപ്പെടുന്ന മോണിറ്ററിങ് സമിതി രൂപീകരിച്ചിട്ടുണ്ട്.

കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിക്കാനിടയായ സാഹചര്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് ചൂണ്ടിക്കാട്ടി. അവിടെ വനംവകുപ്പിന്റെ സ്‌ക്വാഡ് പരിശോധന നടത്തും. ആറളത്തെ പോലെ ജനകീയ പിന്തുണയോട് കൂടിയ മാർഗങ്ങൾ ആവിഷ്‌കരിച്ചാൽ മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂവെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളും ഉദ്യോഗസ്ഥരും ഭരണകൂടവും ഒരുമിച്ച് നിന്നാൽ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകൂ. പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കും. ഇതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട ഉത്തരവുകളും സഹായങ്ങളും കാലതാമസമില്ലാതെ നൽകും. ആറളത്ത് ജനങ്ങളുടെ പ്രയാസങ്ങളോട് അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചുകൊണ്ട് തന്നെ ഇപ്പോൾ നടത്തി വരുന്ന രാപകൽ സമരങ്ങളിൽ നിന്ന് പിന്മാറമെന്ന് യോഗം ആവശ്യപ്പെട്ടു.

സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി രാജേഷ്, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, റൂറൽ ജില്ലാ പൊലീസ് മേധാവി അനുജ് പലിവാൽ, വനംകുപ്പ് ഉത്തരമേഖല സി.സി.എഫ് കെ.സി ദീപ, ഡി.എഫ്.ഒ എസ് വൈശാഖ്, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വിവിധ തദ്ദേശസ്വയം ഭരണസ്ഥാനങ്ങളുടെ സെക്രട്ടറിമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.