പോഷ് ഇന്റേണൽ കമ്മിറ്റി രൂപീകരണം; അവലോകനയോഗം ചേർന്നു

post

പോഷ് ആക്ട് പ്രകാരം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഇന്റേണൽ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ ഓഫീസുകളിലും ഉപകാര്യാലയങ്ങളിലും കമ്മിറ്റി രൂപീകരിച്ച് പോഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും സുരക്ഷിത്വബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് പോഷ് ആക്ട്. ആക്ടിന്റെ ലക്ഷ്യം, പോർട്ടൽ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ തുടങ്ങിയവ സംബന്ധിച്ച് അഡ്വ. ഫാത്തിമ ഷാനവാസ് പരിശീലന ക്ലാസ് നയിച്ചു. ജില്ലാ വനിതാ-ശിശുവികസന ഓഫീസർ നീതാ ദാസ്, വനിതാ സംരക്ഷണ ഓഫീസർ എ. നിസ, വിമൻ ഹബ് പ്രതിനിധി രഞ്ജു ആർ നായർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.