വനിത കമ്മീഷൻ ജില്ലാതല അദാലത്ത്; 14 പരാതികൾ തീർപ്പാക്കി

അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ജാഗ്രതാ സമിതികൾ ഇടപെടണം. :വനിതാ കമ്മീഷൻ
കേരള വനിതാ കമ്മീഷൻ ഇടുക്കി ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 14 പരാതികൾ ഒത്തു തീർപ്പായി. 41 പരാതികളാണ് കമ്മീഷൻ മുമ്പാകെ വന്നത്. നാല് പരാതികൾക്ക് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരു പരാതിയിൽ ഡിടിപിസിയോടും വിശദീകരണം ആവശ്യപ്പെട്ടു.
പ്രധാനമായും സ്വത്ത് തർക്കം, അതിർത്തി പ്രശ്നം, വഴി തർക്കം, തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ എന്നിവയാണ് കമ്മീഷൻ മുമ്പാകെ വന്നത്. വനിത കമ്മീഷൻ ചെയർ പേഴ്സൺ പി സതീദേവി, എലിസബത്ത് മാമൻ മത്തായി, അഡ്വ. എൻ സി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നു ബെഞ്ചുകളിലായാണ് സിറ്റിങ് നടന്നത്.
ജില്ലയിലെ മലയോര മേഖലകളിൽ സ്വത്ത്, അതിര് ഉൾപ്പെടെയുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി പറഞ്ഞു. മൂന്നാറിൽ ചേർന്ന അദാലത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
കുടുംബ വഴക്കുകൾൾ കുട്ടികളെ സ്വാധീനിക്കാറുണ്ട് ഇത് കുട്ടികളുടെ ജീവിത ശൈലിയെ തന്നെ സാരമായി ബാധിക്കും. മദ്യപാനം കുടുംബ ബന്ധത്തെ ശിഥിലമാക്കും. കുടുംബത്തിൽ സൗഹൃദ പരമായ അന്തരീക്ഷം ഒരുക്കണം. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗൺസിലിങ് സെന്റർ പ്രവർത്തനം തുടങ്ങണമെന്നും വനിത കമ്മീഷൻ ചെയർ പേഴ്സൺ പി സതീദേവി നിർദ്ദേശിച്ചു.