കൊല്ലം @ 75 പ്രദർശന വിപണന മേള; സൗജന്യ ജല പരിശോധനയുമായി കേരള വാട്ടർ അതോറിറ്റി

കൊല്ലം @ 75 പ്രദർശന വിപണന മേളയിൽ സൗജന്യ ജല പരിശോധനയുമായി കേരള വാട്ടർ അതോറിറ്റി. ശുദ്ധ ജലത്തെക്കുറിച്ചുള്ള ബോധവത്ക്കരണവും ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധനയുമാണ് ജല അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ റീജിയണൽ ലബോറട്ടറിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
ജലത്തിന്റെ ഭൗതികവും രാസപരവുമായ ഗുണനിലവാരമാണ് മേളയിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അര ലിറ്റർ വെള്ളവുമായി മേളയിലെത്തുന്ന ആർക്കും 15 മിനിറ്റിനുള്ളിൽ ജലത്തിന്റെ ഗുണ നിലവാരം പരിശോധിച്ച് മടങ്ങാം. 850 രൂപ ചെലവ് വരുന്ന ജല പരിശോധനയാണ് സൗജന്യമായി ലഭ്യമാക്കുന്നത്. പ്രാഥമിക പരിശോധനയിൽ കൂടുതൽ രാസ പരിശോധനകൾ ആവശ്യമായി കണ്ടെത്തുന്ന ജല സാമ്പിളുകൾ ക്വാളിറ്റി കൺട്രോൾ റീജിയണൽ ലബോറട്ടറിയിലേക്ക് അയക്കുന്നുമുണ്ട്. വിദഗ്ധ പരിശോധനയുടെ ചെലവ് സ്വന്തമായി വഹിക്കണം.
ജലപരിശോധനയ്ക്ക് പുറമേ കിണറുകളുടെ പരിപാലനം, ജലത്തിന്റെ ഗുണനിലവാരവ്യതിയാനം മൂലമുണ്ടാകുന്ന ദോഷഫലങ്ങളും പരിഹാരങ്ങളും, വിവിധ രൂപത്തിലുള്ള അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചാർട്ട് രൂപത്തിൽ ഒറ്റനോട്ടത്തിൽ പൊതുജനങ്ങൾക്ക് മനസിലാകുന്ന രീതിയിലാണ് ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്.