ലോക്ക് ഡൗണ്‍ കഴിഞ്ഞാലും നാളേയ്ക്കും കരുതലായ് യൂത്ത് വോളന്റിയേഴ്സ്

post

ഇടുക്കി :ലോക്ക് ഡൌണ്‍ കാലത്ത് വീടുകളില്‍ ഉണ്ടുറങ്ങി കഴിയുന്ന മടിയന്‍മാര്‍ക്കും വീട്ടില്‍ വെറുതെ ഇരുന്ന് ബോറടിക്കുന്നവര്‍ക്കും പ്രയോജനകരമായ പണിയേല്‍പ്പിച്ച് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ തൊടുപുഴ നഗരസഭയിലെ യൂത്ത് വോളണ്ടിയര്‍മാര്‍. ലോക്ക് ഡൗണ്‍ കഴിഞ്ഞാലും നാളേക്കുള്ള കരുതലിന്റെ ഭാഗമായി പച്ചക്കറി വിത്തുമായാണ് യൂത്ത്  വോളണ്ടിയര്‍മാര്‍ വീടുകളിലേക്കെത്തുന്നത്.  

ലോക്ക് ഡൗണ്‍ പീരിയഡില്‍ എല്ലാവരുടെ പക്കലും ആവശ്യത്തിനു  സമയമുണ്ട്. ഇത് പ്രയോജനപ്പെടുത്തി പരമാവധി വീടുകളുടെയും മുറ്റത്തും തൊടിയിലും മികച്ചൊരു പച്ചക്കറിത്തോട്ടം ഒരുക്കുകയാണ് വോളണ്ടിയര്‍മാരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തൊടുപുഴ നഗരസഭാ അതിര്‍ത്തിയിലെ നിരവധി വീടുകളില്‍ വോളന്റിയര്‍മാര്‍ എത്തിക്കഴിഞ്ഞു.

പല വീടുകളിലും ചെറിയ തോതില്‍ പച്ചക്കറി കൃഷിയുള്ളതിനാല്‍ അത് പരിപോഷിപ്പിക്കേണ്ടതിന്റെയും ജൈവ വിളകളുടെ ഉല്‍പ്പാദന ആവശ്യകതയേയും കുറിച്ച് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ഇത് കൂടാതെ പുതുതായി കൃഷി തുടങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്ക് വിവിധയിനം പച്ചക്കറികളുടെ വിത്തും നല്‍കുന്നുണ്ട്. 

ആളുകളെ അടുക്കള തോട്ടം നിര്‍ണമാണത്തില്‍ തല്പരരാക്കുകയും അതോടൊപ്പം ലോക്ക് ഡൌണ്‍ കാലത്തെ മാനസികമായി അതിജീവിപ്പിക്കുകയും ചെയ്യുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്.