സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ തയ്യാറാകുന്നു, കരുതലിന്റെ കിറ്റുകള്‍

post

ഇടുക്കി:  ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമാകുവാന്‍ സര്‍ക്കാരിന്റെ പലവ്യഞ്ജന കിറ്റ് തയ്യാറാകുന്നു. സപ്ലൈകോ  കേന്ദ്രങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ അളന്ന് പായ്ക്ക് ചെയ്ത് കിറ്റുകളാക്കുന്ന തിരക്കിലാണ് ജീവനക്കാര്‍.  ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 1000 രൂപയുടെ സാധനങ്ങളാണ്  സൗജന്യകിറ്റിലുള്ളത്.  3.01 ലക്ഷം കാര്‍ഡ് ഉടമകളാണ് ജില്ലയിലുള്ളത്. 

ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്കാണ്  സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്. പഞ്ചസാര(ഒരു കിലോ), തേയില(250 ഗ്രാം), ഉപ്പ്(ഒരു കിലോ), ചെറുപയര്‍(ഒരു കിലോ), കടല(ഒരുകിലോ), വെള്ളിച്ചെണ്ണ(അര ലിറ്റ

ര്‍), ആട്ട(രണ്ട് കിലോ), റവ(ഒരു കിലോ), മുളകുപൊടി(100 ഗ്രാം), മല്ലിപ്പൊടി(100 ഗ്രാം), പരിപ്പ്(250 ഗ്രാം), മഞ്ഞള്‍പ്പൊടി(100 ഗ്രാം), ഉലുവ(100 ഗ്രാം), കടുക്(100 ഗ്രാം), സോപ്പ്(രണ്ടെണ്ണം), സണ്‍ഫ്‌ലവര്‍ ഓയില്‍(ഒരു ലിറ്റര്‍), ഉഴുന്ന്(ഒരു കിലോ) എന്നീ 17 ഇനം ഭക്ഷ്യ വിഭവങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. 

ജില്ലയിലെ  തൊടുപുഴ, മൂന്നാര്‍, നെടുംകണ്ടം എന്നീ മൂന്ന് സപ്ലൈകോ ഡിപ്പോകളുടെയും കീഴിലുള്ള എല്ലാ ഔട്ട് ലെറ്റുകളിലും കിറ്റുകള്‍ തയ്യാറാക്കി വരുന്നു. രണ്ടാം ഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി  കൂടുതല്‍ കിറ്റുകള്‍  തയ്യാറാക്കേണ്ടപ്പോള്‍ ആവശ്യമെങ്കില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനവും വിനിയോഗിക്കും. തയ്യാറാക്കിയ കിറ്റുകള്‍ റേഷന്‍ കടകള്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്.