സമൂഹ അടുക്കളകൾ ആൾക്കൂട്ടങ്ങളായി മാറരുത്:മന്ത്രി എ സി മൊയ്തീൻ

post

തൃശർ:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗൺ പ്രഖ്യപിച്ച സാഹചര്യത്തിൽ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് തുടങ്ങിയ സമൂഹ അടുക്കള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ സന്ദർശിച്ചു. സമൂഹ അടുക്കളകൾ ആൾക്കൂട്ടങ്ങളായി മാറരുതെന്നും സർക്കാർ നിർദേശം കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അശരണർ, അഗതികൾ എന്നിവർക്ക് മാത്രമായി സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം നൽകണമെന്നും മറ്റുള്ളവർക്ക് 20 രൂപ നിരക്കിൽ നൽകണമെന്നുള്ള സർക്കാർ നിർദേശം പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പിലെയും പോലീസ് സേനയിലെയും ഉദ്യോഗസ്ഥർ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പദ്മകുമാർ, ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ജയൻ, ബ്ലോക്ക് സെക്രട്ടറി ഗണേഷ് എന്നിവർ മന്ത്രിയോടൊപ്പം പങ്കെടുത്തു.