വെളിച്ചെണ്ണയിലെ മായം കണ്ടുപിടിക്കാൻ സ്പെഷ്യൽ സ്‌ക്വാഡ്

post

ഭക്ഷണസാധനങ്ങളിൽ മായം ചേർത്താൽ കർശന നടപടി : ജില്ലാ ഉപഭോക്തൃസംരക്ഷണ കൗൺസിൽ

ഭക്ഷണസാധനങ്ങളിൽ മായം ചേർക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഉപഭോക്തൃസംരക്ഷണ കൗൺസിൽ യോ​ഗം. വെളിച്ചെണ്ണയിലെ മായം കണ്ടുപിടിക്കാനുള്ള സ്പെഷ്യൽ സ്‌ക്വാഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും യോ​ഗം അറിയിച്ചു. എ ഡി എം ഷൈജു പി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പീരുമേട് എം.എൽ.എ വാഴൂർ സോമൻ യോ​ഗം ഉദ്‌ഘാടനം ചെയ്തു. ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളിൽ ഭക്ഷ്യഅവബോധം വളർത്തുന്നതിനായി സെമിനാറുകൾ, ചർച്ചകൾ എന്നിവ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കണമെന്നും, ഓൺലൈൻ തട്ടിപ്പ് വഴി ഉപഭോക്താക്കളെ ചൂഷണത്തിന് വിധേയമാകാതെ സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ക്വാറികളിൽ നിന്ന് കൊണ്ടു പോകുന്ന പാറ, പാറപ്പൊടി തുടങ്ങിയവയുടെ അളവിലെ കൃത്യത അറിയുന്നതിന് വേണ്ട നടപടികൾ ഉണ്ടാകണമെന്നും, മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്ത മുൻഗണനാ/എ.എ.വൈ. റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. ഉപഭോക്തൃതാല്പര്യം ഹനിക്കുന്ന രീതിയിലുളള നടപടികൾ വ്യാപാരശാലകളിൽ ഉണ്ടായാൽ അവ പരിഹരിക്കുന്നതിനും, വ്യാപാര സ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും യോഗം തീരുമാനിച്ചു.