എസ് പി സി ജില്ലാ സഹവാസ ക്യാമ്പിൽ തുല്യതാ ഫുട്ബോൾ അരങ്ങേറി
 
                                                
ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മുദ്ര സ്റ്റേഡിയത്തിൽ കളിസ്ഥലങ്ങൾ പെൺകുട്ടികളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തുല്യത ഫുട്‌ബോൾ അരങ്ങേറി. സ്‌കൂളിൽ നടക്കുന്ന സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ ജില്ലാ സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് ആറ് ടീമുകളിലായി കേഡറ്റുമാരുടെ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചത്.
ആദ്യമായി ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന നിരവധി പെൺകുട്ടികൾക്ക് കാൽപ്പന്തുകളിയുടെ പുതിയ ചുവടുവെപ്പായി ഇത് മാറി . വിജയികൾക്ക് തലശ്ശേരി എഎസ്പി കിരൺ പി ബി സമ്മാനങ്ങൾ വിതരണം ചെയ്തു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള 36 വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുക്കുന്ന അസറ്റ്-2025 ക്യാമ്പ് കഴിഞ്ഞ വെള്ളിയാഴ്ച സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജാണ് ഉദ്ഘാടനം ചെയ്തത്. അഡീഷനൽ എസ്പി കെ.വി. വേണുഗോപാൽ പതാക ഉയർത്തി.
രാഷ്ട്രനിർമ്മാണത്തിൽ മികച്ച വിദ്യാർഥി സമൂഹത്തെ ഒരുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.കുറ്റകൃത്യങ്ങൾ കുറച്ചു കൊണ്ടുവരുന്നതിനും മദ്യം, മയക്കുമരുന്ന് എന്നീ തിന്മകൾക്കെതിരെ ബോധവത്കരണ പ്രവർത്തനത്തിലും കേഡറ്റുകൾ പ്രവർത്തിക്കുന്നു. 200 സ്റ്റുഡന്റ് പോലീസ് കാഡറ്റുകളാണ് ക്യാമ്പിൽ പങ്കാളിയാവുന്നത്. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച " നോളജ് നോക്കൗട്ട്" ജില്ലാ തല ക്വിസ് മത്സരം ഡിഡിഇ ഇൻ ചാർജ് ബിജേഷ് എ.എസ് ഉദ്ഘാടനം ചെയ്തു.
ശുചിത്വ കേരള സന്ദേശവുമായി മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 500 വീടുകൾ വോളണ്ടിയർമാർ സന്ദർശിച്ചു. വ്യക്തിത്വ വികസന പരിപാടികൾ, വാനനിരീക്ഷണം, പ്രകൃതി നിരീക്ഷണ പരിപാടി, മുണ്ടേരിക്കടവ്, പഴശ്ശിഡാം സന്ദർശനം എന്നിവയും ഉണ്ടായിരുന്നു. ക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും.










