കടയ്ക്കലിൽ കൊയ്ത്തുത്സവം നടത്തി

post

കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി നിറകതിര്‍ പദ്ധതി കൊയ്ത്തുത്സവം നടത്തി. തുടയൂര്‍ അരത്തകണ്ഠപ്പന്‍ ക്ഷേത്രം പാടശേഖരത്തില്‍ മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രിമന്ത്രി ജെ. ചിഞ്ചുറാണി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ മുഖേന വിപണനം നടത്താന്‍ അവസരമൊരുക്കിയാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.

കോര്‍പറേറ്റുകള്‍ ഇടനിലക്കാരായി വിപണനം നടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര ലാഭം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ തരിശുനിലങ്ങള്‍ ഏറെയുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ നിലങ്ങളിലും കൃഷിചെയ്യുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ആദ്യഘട്ടമായി കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഇതിനായി ഉപയോഗപ്പെടുത്തി. ഇനിയും വ്യത്യസ്ത പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ വരാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. കടക്കല്‍ ഫാം ഹൗസ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ചെയര്‍മാന്‍ ജെ.സി. അനില്‍, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത, അസോസിയേഷന്‍ ഫോര്‍ കേരള റൂറല്‍ ഡെവലപ്‌മെന്റ് ചെയര്‍മാന്‍ ഡോ. നടയ്ക്കല്‍ ശശി, കൊട്ടാരക്കര കാര്‍ഡ് ബാങ്ക് ചെയര്‍മാന്‍ കൊല്ലായില്‍ സുരേഷ്, കെ.പി.സി ഡയറക്ടറും കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ. കൃഷ്ണപിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജമ്മ, ലൈബ്രറി കൗണ്‍സില്‍ ജോയന്റ് സെക്രട്ടറി പ്രൊഫ. ശിവദാസന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അംഗം അഭിജിത്ത് അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.