സംസ്ഥാനത്ത് 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യമായി

30 സ്മാർട്ട് അങ്കണവാടികൾ കൂടി പ്രവർത്തനസജ്ജമായി
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 30 സ്മാർട്ട് അങ്കണവാടികൾ കൂടി പ്രവർത്തനസജ്ജമാകുന്നു. ഇതോടെ 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യമായി.
അങ്കണവാടികളിൽ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കി മാറ്റുന്നത്. നിലവിൽ 189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി നൽകിയിട്ടുള്ളതിൽ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇത് കൂടാതെ 30 സ്മാർട്ട് അങ്കണവാടികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഒന്നാം ക്ലാസിന് മുമ്പ് കുട്ടികൾ എത്തുന്ന ഇടമാണ് അങ്കണവാടികൾ. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തി. സ്ഥല സൗകര്യം അനുസരിച്ച് 10, 7.5, 5, 3, 1.25 സെന്റുകളുള്ള പ്ലോട്ടുകൾക്ക് അനുയോജ്യമായാണ് സ്മാർട്ട് അങ്കണവാടികൾ രൂപകല്പന ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികളിൽ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആർകെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എ. എന്നീ ഫണ്ടുകൾ സംയുക്തമായി വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ പൂർത്തീകരിച്ചത്.