പാറശ്ശാല യു.ഐ.ടിയിൽ അക്ഷരമധുരം പരിപാടിക്ക് തുടക്കം
 
                                                
* വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തുന്നത് കാതലായ പരിഷ്ക്കാരങ്ങൾ : സ്പീക്കർ എ. എൻ ഷംസീർ
വിദ്യാഭ്യാസ മേഖലയിൽ കാതലായ പരിഷ്ക്കാരങ്ങൾക്ക് ഈ സർക്കാർ നേതൃത്വം കൊടുക്കുന്നുവെന്ന് സ്പീക്കർ എ. എൻ ഷംഷീർ.
'അക്ഷരമധുരം' പരിപാടിയുടെ ഭാഗമായി വെള്ളറട യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സെന്ററിലെ അപ്പിയന്‍ നാടാര്‍ ബ്ലോക്കിന്റെയും ക്ലാസ്സ് മുറികളുടെയും ഉദ്ഘാടനവും ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ സ്വന്തമായി പൈസ കണ്ടെത്തി പഠിക്കണം. അതിനനുസരിച്ചു പഠന സമയം ക്രമീകരിക്കണം. വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളും അവിടെ ജോലി ചെയ്താണ് പഠിക്കുന്നത്. നമ്മുടെ നാട് എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് നൽകുന്നുണ്ട്.
വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഭാഷ നന്നായി വശമാക്കണം. റീൽസ് കുട്ടികളുടെ പഠന സമയം അപഹരിക്കുന്നുണ്ട്. നമ്മുടെ കുട്ടികൾ ലഹരി ഉപയോഗിച്ച് കുറ്റകൃത്യങ്ങളിലേക്ക് പോകുന്നു. അതിനാലാണ് വായനയാണ് ലഹരി എന്ന ക്യാമ്പയിൻ നിയമസഭ ആരംഭിച്ചതെന്നും സ്പീക്കർ പറഞ്ഞു.
എംഎല്‍എ-എ.ഡി.എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അപ്പിയന്‍ നാടാര്‍ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ട് ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചത് പിടിഎ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടില്‍ നിന്നാണ്. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി പാറശ്ശാല നിയോജക മണ്ഡലത്തിലെ 60 ഗ്രന്ഥശാലകള്‍ക്ക് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പുസ്തകങ്ങള്‍ വാങ്ങിനല്‍കിയത്.
ആറാട്ടുകുഴി യു.ഐ.ടി ക്യാമ്പസ്സില്‍ നടന്ന ചടങ്ങില്‍ സി.കെ ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.










