ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് 'കണ്ണൂര്‍ കയാക്കത്തോണ്‍ 2024' 24ന്
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് 'കണ്ണൂര്‍ കയാക്കത്തോണ്‍ 2024' നവംബര്‍ 24 ഞായറാഴ്ച നടക്കും. പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍ നിന്ന് രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരം രാവിലെ 10 മണിയോടെ അഴീക്കല്‍ ബോട്ട് ടെര്‍മിനലില്‍ അവസാനിക്കും. 11 കിലോ മീറ്റര്‍ ദൂരത്തിലാണ് മത്സരം.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പുറമെ കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. സിംഗിള്‍, ഡബിള്‍ കയാക്കുകള്‍ മത്സരത്തിലുണ്ടാകും.
സിംഗിള്‍ കയാക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ട് വിഭാഗങ്ങളിലായി പ്രത്യേക മല്‍സരം നടത്തും. ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാരുടെ ടീം, സ്ത്രീകളുടെ ടീം, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ പ്രത്യേക മത്സരം ഉണ്ടാകും. ഗ്രൂപ്പ് മത്സരത്തിന് ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യാഥാക്രമം 50000, 25000, 10000 രൂപ സമ്മാനമായി നല്‍കും. ഓരോ വിഭാഗത്തിലും വ്യക്തിഗത മത്സര വിജയിക്ക് 25000, 15000, 5000 രൂപയും ലഭിക്കും. മത്സരാര്‍ഥികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് വിവിധ കരകളില്‍ ആംബുലന്‍സ്, ബോട്ടുകളില്‍ മെഡിക്കല്‍ ടീം, കുടിവെള്ളം, സ്‌ക്യൂബാ ടീം എന്നിവ ഉറപ്പാക്കും. കൂടാതെ ആവശ്യമായ കുടിവെള്ളവും റിഫ്രഷ്മെന്റുകളും കയാക്കുകളിലും നല്‍കും.
ഗ്രാമസൗന്ദര്യം ആസ്വദിച്ചും കണ്ടലിന്റെ സമൃദ്ധി കണ്ടറിഞ്ഞുമുള്ള വ്യത്യസ്ത അനുഭവമായിരിക്കും കയാക്കിങ്ങ് നല്‍കുക. നിരവധി തുരുത്തുകള്‍, വളപ്പട്ടണം റയില്‍വേ പാലത്തിനു കീഴിലൂടെയുള്ള യാത്ര, ഓട് ഫാക്ടറികള്‍, ചെറു തോണികളില്‍ നിന്നുള്ള മീന്‍ പിടുത്തം, കണ്ടല്‍ കാടുകള്‍ അങ്ങനെ പലവിധ കാഴ്ചകളാണ് പറശ്ശിനി മുതല്‍ അഴീക്കല്‍ വരെയുള്ള കയാക്കിങ്ങിലൂടെ നേരിട്ട് അനുഭവിച്ചറിയാന് സാധിക്കുക. 2022ല്‍ തുടക്കം കുറിച്ച ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷന് ആണ് ഈ വര്‍ഷം നടക്കുന്നത്.