ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരണം പൂര്‍ണം

post

ഇടുക്കി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍  ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരണം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജ് കൊറോണ കെയര്‍ സെന്ററാക്കിയതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്ക് ഐസൊലേഷന്‍ വാര്‍ഡാക്കി ക്രമീകരിച്ചു. മൂന്ന് നിലകളിലായി ഇരുന്നൂറിലധികം ബെഡ്ഡുകള്‍ ഇവിടെ തയ്യാറാക്കാം. തൊടുപുഴ ജില്ലാ ആശുപത്രിയിലും എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ ഏകദേശം 150 ളം ബെഡ്ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.  രണ്ടാം ഘട്ടത്തില്‍ അടിമാലി ചിത്തിരപുരം ആശുപത്രിയും തൊടുപുഴ, നെടുങ്കണ്ടം താലൂക്ക് ആശുപത്രികളും മൂന്നാം ഘട്ടത്തില്‍ പ്രൈവറ്റ് ആശുപത്രികളിലും  ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരണത്തിനുള്ള സൗകര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മുന്‍കരുതലിന്റെ ഭാഗമായി ഓരോ ബ്ലോക്കിലും രണ്ട് കെട്ടിടങ്ങള്‍ വീതവും  തയ്യാറാക്കിയിട്ടുണ്ട്.