ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ

post

ഏപ്രിൽ നാല് വരെ സമർപ്പിക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം  മാർച്ച് 28 മുതൽ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രിൽ നാല്. നെഗോഷ്യബിൾ ഇൻസട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാർച്ച് 29, 31, എപ്രിൽ ഒന്ന് തീയതികളിൽ പത്രിക സമർപ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.