കൊറോണ വ്യാപനം തടയാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

post

ആശുപത്രികളും ഡോക്ടര്‍മാരും വിവരം റിപ്പോര്‍ട്ട് ചെയ്യണം

കണ്ണൂര്‍ : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 സര്‍ക്കാര്‍ ഭേദഗതി ചെയ്തു.ഇതു പ്രകാരം എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും കൊറോണ രോഗ പരിശോധനയ്ക്കായി പ്രത്യേക ഇടം സജ്ജീകരിക്കണം. ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, ആയുര്‍വേദം ഉള്‍പ്പെടെ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ തുടങ്ങിയവരുടെ അടുക്കല്‍ കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരോ കൊറോണ ലക്ഷണങ്ങളുള്ളവരോ പരിശോധനയ്ക്കെത്തിയാല്‍ വിവരം ജില്ലാ സര്‍വെയ്ലന്‍സ് യൂനിറ്റിനെ അറിയിക്കണം. ഈ രാജ്യങ്ങളില്‍ നിന്നെത്തിയവരും കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഇക്കാര്യം കോവിഡ് 19 കണ്‍ട്രോള്‍ സെല്ലിലോ ദിശ ഹെല്‍പ് ലൈന്‍ നമ്പറിലോ ബന്ധപ്പെടണം. കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ലബോറട്ടറികളും ആശുപത്രികളും മാത്രമേ കോവിഡ് 19 സാമ്പിളുകള്‍ പരിശോധിക്കാവൂ എന്നും ഓര്‍ഡിനന്‍സ് അനുശാസിക്കുന്നു.

കൊറോണ ബാധ സംശയിക്കുന്നവരെ വീടുകളിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാക്കാനും പരിശോധനയ്ക്ക് വിധേയമാക്കാനും ജില്ലാ കലക്ടര്‍ക്കോ കലക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കോ അധികാരമുണ്ടായിരിക്കും. ഇതിനു പുറമെ, കൊറോണ വ്യാപനം തടയുന്നതിനായി ഏതെങ്കിലും പ്രദേശം പൂര്‍ണമായി അടച്ചിടാം. പ്രദേശത്തിനകത്തും അവിടെ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള ആളുകളുടെ സഞ്ചാരം നിയന്ത്രിക്കുകയും ചെയ്യാം. സര്‍ക്കാര്‍- സ്വകാര്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള കൊറോണ നിയന്ത്രണ നടപടിക്രമങ്ങള്‍ക്കും ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ടായിരിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ ശിക്ഷാനടപടികളും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്.