ഓസ്ട്രേലിയയിൽ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി സർക്കാർ

post

ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ, വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവർ ഓസ്ട്രേലിയൻ മന്ത്രിയും സംഘാംഗങ്ങളുമായി ചർച്ച നടത്തി. ഓസ്ട്രേലിയൻ കോൺസുൾ ജനറൽ സിലായിസാകി ഓസ്ട്രേലിയയിലെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ, ആരോഗ്യ പരിപാലന സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വേസ്റ്റേൺ ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലയിലുള്ള തൊഴിലവസരങ്ങൾ കേരളത്തിലെ തൊഴിലന്വേഷകർക്ക് മുമ്പിൽ തുറന്നു കാട്ടുന്നതിനും അവിടങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് കേരളത്തിലെ യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഒരുക്കുന്നതിനും സന്ദർശനം ഉപകരിക്കുമെന്ന് തൊഴിൽ- പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രത്യേക ഉന്നതതല സംഘത്തെ നിയോഗിച്ചുകൊണ്ടും വിദ്യാർഥി, അധ്യാപക വിനിമയം സാധ്യമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.


വകുപ്പിന്റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ ഒഡെപെകുമായി വിദേശ നിയമനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി കൈകോർക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം. ആദ്യ പടിയായി ആരോഗ്യ മേഖലയിലെ ഡോക്ടർ, നഴ്സ്, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെ ഒഡെപെക് മുഖേന ഓസ്ട്രേലിയയിലെ പ്രമുഖ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കും. കേരളത്തിലെ തൊഴിലന്വേഷകർക്ക് ഓസ്ട്രേലിയയിൽ ജോലി നേടാൻ ആവശ്യമായ നൈപുണ്യ വികസന പരിശീലനങ്ങളും ഒഡെപെക് നൽകും. ഓസ്ട്രേലിയയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തി.

സെക്രട്ടേറിയറ്റ് അനെക്സ് രണ്ടിലെ ലയം ഹാളിൽ നടന്ന യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ്, ആരോഗ്യ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഫ്, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.