പ്ലാസ്റ്റിക് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളുമായി ശുചിത്വമിഷൻ

ജൂലൈ മൂന്ന് അന്തർദേശീയ പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ശുചിത്വമിഷൻ. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറച്ച് തുണിസഞ്ചികളുടെയും മറ്റു ബദൽ ഉൽപ്പന്നങ്ങളുടെയും ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.
ആലപ്പുഴ ജില്ല ശുചിത്വമിഷൻ സംഘടിപ്പിച്ച 'സാരി തരൂ സഞ്ചി തരാം' ക്യാമ്പയിന്റെ ഭാഗമായി ഒരു ലക്ഷം തുണി സഞ്ചികൾ വിദ്യാർത്ഥികൾക്കും വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ആയി വിതരണം നടത്തി. ഹരിതസഹായ സ്ഥാപനമായ ഐആർടിസിയും സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പാഴ് പുതുക്കത്തിന്റെ (അപ് സൈക്കിൾ ഫെസ്റ്റിവൽ) ഭാഗമായാണ് സഞ്ചി വിതരണം സംഘടിപ്പിച്ചത്. അപ് സൈക്കിൾ ഫെസ്റ്റിവലിന്റെ ഭാഗമായി തൃശ്ശൂർ, കൊല്ലം ജില്ലകളിലും തുണിസഞ്ചി വിതരണം നടന്നു.
കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നാഷണൽ സർവ്വീസ് സ്‌കീമിന്റെ സഹകരണത്തോടു കൂടി കോഴിക്കോട് ജില്ലയിലെ മുഴുവൻ കോളേജുകളിലെയും നിരഞ്ഞെടുക്കപ്പെട്ട 2 വീതം വളണ്ടിയർമാരെ ഉൾപ്പെടുത്തി സ്വച്ഛ് ക്യാമ്പസ് അമ്പാസിഡേഴ്സ് മീറ്റ് പരിപാടി സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എൽ.പി.എസ് ഊളമ്പാറ സ്‌കൂളിലെ വിദ്യാർഥികൾക്ക് തുണിസഞ്ചിയും 'എക്കോ സിപ്' ക്യാമ്പയിന്റെ ഭാഗമായി സ്റ്റീൽ ബോട്ടിലുകളും വിതരണം ചെയ്തു. മാലിന്യ മുക്തം രോഗമുക്തം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും വിദ്യാർത്ഥികൾക്ക് നൽകി.
കണ്ണൂർ ജില്ലയിൽ നിരോധിത ഉത്പന്നങ്ങളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർക്ക് ക്ലാസ് നൽകി. ജില്ലയിലെ ഹരിതകർമ്മസേന വാതിൽപ്പടി ശേഖരണത്തോടൊപ്പം പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വീടുകളിൽ കയറി ബോധവൽക്കരണം നടത്തുകയും ചെയ്തു.
കൊല്ലം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലാ ശുചിത്വമിഷൻ ജീവനക്കാർ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ പൂർണമായി ഒഴിവാക്കുന്നതിനും പുനരുപയോഗ ഉൽപ്പന്നങ്ങളുടെ ഉപയോഗം കൂടുതൽ സജ്ജമാക്കുന്നതിന് സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞ എടുത്തു.
പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമിഷനും ജില്ലാ മിഷനുകളും പോസ്റ്ററുകളിലൂടെയും വീഡിയോകളിലൂടെയും ഉള്ള പ്രചാരണവും സംഘടിപ്പിച്ചു.