ഗ്രാമീണ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

post

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജലജീവൻ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾക്ക് ഇതിൽ മുൻഗണന കൊടുത്തു പരിഹാരമുണ്ടാക്കണമെന്നും തെള്ളകം ഡിഎം കൺവെൻഷൻ സെന്ററിൽ ചേർന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികൾ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തിൽ ഉപസംഹാരം നടത്തിക്കൊണ്ടു മുഖ്യമന്ത്രി നിർദേശിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(സി.എം.എൽ.ആർ.ആർ.പി. 2.0)യുമായി ബന്ധപ്പെട്ടു കരാറുകാർക്കുള്ള നിരക്ക് പരിഷ്‌കരിച്ചിട്ടുള്ളതാണ്. ഇതനുസരിച്ചു നേരത്തേ നിശ്ചയിച്ച ദൂരത്തിൽ തന്നെ റോഡുകൾ പൂർത്തിയാക്കും. സാങ്കേതികകാര്യങ്ങൾ വേഗം പരിഹരിക്കണം. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചു വ്യക്തത വരുത്തിയ ഉത്തരവ് പുറത്തിറക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ലൈഫ് മിഷനിൽ 4.5 ലക്ഷം വീടുകൾ പൂർത്തീകരിക്കാനായി. ബാക്കി വീടുകളുടെ നിർമാണം വേഗത്തിലാക്കണം. മനസോടിത്തിരി മണ്ണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത വേണം.

മത്സ്യത്തൊഴിലാളികൾക്കു വേണ്ടി നിർമിച്ച പുനർഗേഹം ഭവനപദ്ധതിയിൽ ചില ഫ്‌ളാറ്റുകൾ ഒഴിവുണ്ട്. ഗുണഭോക്താക്കളായവരിൽ ചിലർ ഏറ്റെടുക്കാൻ തയാറാകുന്നില്ല. മത്സ്യത്തൊഴിലാളികൾ അല്ലാത്തവർക്കായി വീടു നൽകുന്നത് കാര്യം പരിഗണിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തു ചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന ഉണ്ടാകണം. സാധാരണക്കാർക്ക് കിണർവെളളം ചുരുങ്ങിയ ചെലവിൽ പരിശോധിക്കുന്നതിനാണ് സ്‌കൂളുകളിൽ ലാബുകൾ സജ്ജമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. ഇതിന്റെ പുരോഗതി വിദ്യാഭ്യാസവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ കളക്ടർമാരും ഇടപെട്ട് വിലയിരുത്തണം.

അതിഥിത്തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഇടപെടൽ വേണം. സുരക്ഷിതമായ സ്ഥലത്താണോ ഇവർ താമസിക്കുന്നത് എന്ന് ഉറപ്പാക്കക്കണം. മഴക്കാലത്ത് അപകടമുണ്ടാകാനുള്ള സാധ്യത പ്രത്യേകം കണക്കിലെടുക്കണം. നമ്മുടെ നാട്ടിൽ നിർമാർജനം ചെയ്ത പല രോഗങ്ങളും തിരിച്ചുവരുന്നതായാണ് കാണുന്നത്. ഇക്കാര്യം പ്രത്യേകം പരിശോധിക്കണം.

അതിഥിത്തൊഴിലാളികളുടെ കുട്ടികൾ വിദ്യാലയങ്ങളിൽ പോകുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക ശ്രദ്ധ വേണം. പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനായി 2016ൽ തന്നെ തീരുമാനിച്ച കെട്ടിടനിർമാണങ്ങൾ മുടങ്ങിക്കിടക്കാൻ പാടില്ല. ഇവ പ്രത്യേക താൽപര്യപ്പെടുത്തു പൂർത്തിയാക്കണം.

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം സ്‌കൂളുകളിലാണ് നടക്കുന്നത്. നല്ലരീതിയിലുള്ള വ്യായാമങ്ങളും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകണം. ഇതുസംബന്ധിച്ച് ചില വിവാദങ്ങൾ ചില കോണുകളിൽ നിന്നുയർന്നുവന്നുവെങ്കിലും അതു പെട്ടെന്നു തന്നെ അവസാനിച്ചുവെന്നാണ് തോന്നുന്നത്. അത്തരം കാര്യങ്ങളിൽ ശരിയായ ദിശാബോധത്തോടെ തന്നെ പോകണം. ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല. കുട്ടികൾ പ്രസരിപ്പോടെ സ്‌കൂളിൽ പോകേണ്ടതാണ് നമ്മുടെ ആവശ്യം.

അതിദരിദ്രരില്ലാത്ത കേരളപ്രഖ്യാപനം നവംബർ ഒന്നിന് സാധ്യമാകും. കോട്ടയം ജില്ലയിൽ അതിദരിദ്രരില്ലാതായി. മറ്റുജില്ലകളിലും ഉടൻ പൂർത്തിയാകും.

വിനോദസഞ്ചാരമേഖലകളിൽ മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മാലിന്യമുക്തം എന്നത് പൂർണാർഥത്തിൽ നടപ്പാക്കണം. പച്ചത്തുരുത്ത് പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ അഴിമതി പൂർണമായി ഇല്ലാതാക്കാനായിട്ടില്ല.

ഉദ്യോഗസ്ഥർ നിയമവും ചട്ടവും അനുസരിച്ച് കൃത്യമായ പ്രവർത്തിക്കണം. തെറ്റായ രീതിയിലുള്ള പ്രചരണങ്ങൾക്ക് വഴിയൊരുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഏത് ഉന്നതനായാലും നടപടിക്രമങ്ങൾ പാലിക്കണം. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കാര്യങ്ങൾ വേഗത്തിലാക്കാനാണ് പരിശ്രമിക്കേണ്ടത്.

ഇത്തവണത്തെ മേഖലാതലയോഗങ്ങൾ നല്ലരീതിയിലാണ് നടന്നത്. 2023ൽ നടന്ന മേഖലാതല യോഗത്തെ അപേക്ഷിച്ച് പരിഗണിക്കേണ്ട ഗൗരവമുള്ള വിഷയങ്ങൾ കുറഞ്ഞുവെന്നാണ് കാണുന്നത്. പൊതുകാര്യങ്ങളുടെ വേഗത കൂട്ടുന്നതിന് ഇത്തരത്തിലുള്ള യോഗങ്ങൾ നടത്തുന്നത്. വേഗത്തിൽ തീരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ ഫയൽ അദാലത്തുകൾ നടന്നുകൊണ്ടിരിക്കുകയാണ്. മന്ത്രിമാർ പങ്കെടുത്ത താലൂക്ക് തല അദാലത്തിലും മന്ത്രിസഭ ഒന്നാകെ പങ്കെടുത്ത നവകേരള സദസിലും നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല യോഗത്തിലും നിരവധി വിഷയങ്ങൾ ഉയർന്നുവന്നു. ഇത്തരം യോഗങ്ങൾ ഭരണനടപടികൾ വേഗത്തിലാക്കാൻ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, വി.എൻ. വാസവൻ, പി. രാജീവ്, സജി ചെറിയാൻ, എം.ബി. രാജേഷ്, ഒ.ആർ. കേളു, പി. പ്രസാദ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റാവഡ ചന്ദ്രശേഖർ, വകുപ്പുസെക്രട്ടറിമാർ, വകുപ്പുമേധാവികൾ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുൻഗണനാവിഷയങ്ങളും, ലൈഫ് മിഷൻ, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, അതിദാരിദ്ര്യ നിർമാർജന പദ്ധതി, ആർദ്രം പദ്ധതി, വിദ്യാകിരണം, മാലിന്യമുക്ത കേരളം, ഹരിതകേരളം മിഷൻ എന്നീ പദ്ധതികളിൽ നാലു ജില്ലകളുടെയും പുരോഗതിയും വെല്ലുവിളികളുഗ പരിഹാരങ്ങളും യോഗം ചർച്ച ചെയ്തു. കോട്ടയം മേഖലാതലയോഗത്തോടെ ഈ വർഷത്തെ മേഖലാതലയോഗങ്ങൾ പൂർത്തിയായി.