കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ - ആദൂര്‍ - വെള്ളറക്കാട് റോഡ് യാഥാര്‍ത്ഥ്യമായി

post

തൃശൂർ ജില്ലയിലെ കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ - ആദൂര്‍ - വെള്ളറക്കാട് റോഡ് യാഥാർഥ്യമായി. 5 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

4 കോടി രൂപ നബാര്‍ഡ് ഫണ്ടും എ.സി. മൊയ്തീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്നും 40 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് 35 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം നടത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗതാഗതയോഗ്യമല്ലാതിരുന്ന നാട്ടുവഴികളായിരുന്നു നീണ്ടൂര്‍ - ആദൂര്‍ - വെള്ളറക്കാട് റോഡ്. മൂന്ന് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡു കൂടിയാണിത്. സംസ്ഥാന സര്‍ക്കാരും പഞ്ചായത്ത് ഭരണ സമിതിയും മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ റോഡിനെ സഞ്ചാര യോഗ്യമാക്കി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ യാത്രാക്ലേശത്തിന് അറുതി വരുത്താന്‍ ഇതോടെ സാധിച്ചു. തുടര്‍ന്ന് വന്ന പഞ്ചായത്ത് ഭരണസമിതിയുടെയും സര്‍ക്കാരിന്റെയും ശ്രമഫലമായി ബിഎം ആന്റ് ബിസി നിലവാരത്തില്‍ ഉയര്‍ന്നതോടെ ഈ റോഡ് വഴി രോഗികള്‍ക്ക് മെഡിക്കല്‍ കോളേജിലേക്ക് അനായാസം എത്തുന്നതിന് സാധിക്കും.

ആധുനിക നിലവാരത്തിലുയര്‍ന്ന റോഡിന്റെ ഉദ്ഘാടനം മാര്‍ച്ച് 2 ന് രാവിലെ 11 ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. നീണ്ടൂര്‍ ഉദയ ക്ലബ്ബ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനാകും.