സംസ്‌കാരിക കേരളത്തിന്റെ അഭിപ്രായം സര്‍ക്കാരിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി

post

തൃശൂരിൽ കലാസാംസ്‌കാരിക പ്രതിനിധികളുമായി മുഖാമുഖം പരിപാടി

നവകേരള സൃഷ്ടിക്കായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സംഗീത- നാടക- ചിത്രകലാ- സിനിമ- വാസ്തുവിദ്യ തുടങ്ങി വിവിധ മേഖലങ്ങളിലെ കലാകാരന്മാരുടെ തൊഴില്‍, വേതന പ്രശ്‌നങ്ങള്‍, ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം, ശാസ്ത്ര ബോധം വളര്‍ത്തുന്നതിന്റെ പ്രസക്തി, ഒ.ടി.ടി പ്ലാറ്റ്‌ഫോം, സര്‍ക്കാര്‍ സിനിമാ ബുക്കിധ് ആപ്പ്, കേരള കലാമണ്ഡലം പ്രവര്‍ത്തന വിപുലീകരണം, ശില്‍പകല, കഥാപ്രസംഗ രംഗത്തെ വെല്ലുവിളികള്‍, സ്മാരകങ്ങളുടെ നിര്‍മാണം, തൊഴിലവസരങ്ങള്‍, വായനശാലകളുടെ പ്രാധാന്യം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളും നിര്‍ദേശങ്ങളും പരിപാടിയില്‍ അവതരിപ്പിച്ചു.


ഏകീകൃത സാംസ്‌കാരികോത്സവം നടത്തുന്നത് പരിഗണിക്കും

കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി തുടങ്ങിയ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെ സംയോജിപ്പിച്ച് ഏകീകൃത സാംസ്‌കാരികോത്സവം നടത്തുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വിജയന്‍. ലുലു കന്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സാംസ്‌കാരിക രംഗത്തെ വ്യക്തികളുമായി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ഉയര്‍ത്തികാട്ടാന്‍ ഇത്തരം പരിപാടികള്‍ സഹായിക്കും. ദേശീയ- അന്താരാഷ്ട്ര വ്യക്തിത്വങ്ങളെ കൂടി സഹകരിപ്പിക്കുന്നത് ആലോചിക്കും. നിലവില്‍ സാഹിത്യം, സിനിമ, നാടകം എന്നിവയ്ക്ക് പ്രത്യേക ഫെസ്റ്റ് നടത്തുന്നതുപോലെ അടുത്ത വര്‍ഷം മുതല്‍ നാടന്‍കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫോക്ക് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ആലോചിച്ചുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചുമര്‍ചിത്രങ്ങള്‍ സംരക്ഷിക്കും

കേരളത്തിലെ ആരാധനാലയങ്ങളിലും മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങളിലും വര്‍ഷങ്ങള്‍ പഴക്കമുള്ള ചുമര്‍ച്ചിത്രങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി സര്‍ക്കാരിന് ചെയ്യാവുന്ന കാര്യങ്ങള്‍ ആലോചിച്ച് നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ അധീനതയിലുള്ള വിവിധ കെട്ടിടങ്ങളിലെ സൗന്ദര്യവത്കരണത്തിന് ചുമര്‍ച്ചിത്ര കലാകാരന്മാരക്ക് അവസരം നല്‍കുന്നത് പരിഗണിക്കും. പൈതൃക പെരുമ വിഴിച്ചോതുന്ന ഒട്ടേറെ ചുമര്‍ച്ചിത്രങ്ങളെ കുറിച്ച് പഠിക്കാനും വിവരശേഖരണം നടത്താനും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ എത്തുന്നുണ്ട്. ഇവര്‍ക്കുള്ള ദേവസ്വം വകുപ്പ് മുഖേന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കും.


സാംസ്‌കാരിക- ടൂറിസം പദ്ധതി

സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള സാംസ്‌കാരിക ടൂറിസം പദ്ധതിയുടെ ആദ്യഘട്ട ചര്‍ച്ച ടൂറിസം മന്ത്രിയുമായി നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഭാരത് ഭവന്‍ മുഖേന പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ വീഡിയോ ബുക്ക് മാര്‍ക്ക് ഉപയോഗിച്ച് തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കലാകാരര്‍ക്ക് അനേകം തൊഴിലവസരങ്ങള്‍ ലഭ്യമാകും.

സ്മാരകങ്ങള്‍ നിര്‍മിക്കും

നവോത്ഥാന നായകനായ പൊയ്കയില്‍ അപ്പച്ചന്റെ നാമധേയത്തില്‍ പഠനകേന്ദ്രം തുടങ്ങാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും 50 ലക്ഷം അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സംവിധായകന്‍ രാമു കാര്യാട്ടിന് പ്രതിമ സ്ഥാപിക്കുന്നത് പരിഗണിക്കും. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലിന്റെ സ്മാരണാര്‍ഥം സ്മാരകം നിര്‍മിക്കുന്നത് പരിശോധിക്കുമെന്നും വ്യക്തമാക്കി.

കേരളീയ കലാരൂപങ്ങള്‍ ഡോക്യുമെന്റ് ചെയ്യും

കേരളത്തിന്റെ എല്ലാ കലാരൂപങ്ങളും ഡോക്യൂമെന്റ് ചെയ്യുന്നതിന് വേണ്ടി മഴമിഴി പദ്ധതി തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 3500 ഓളം കലാപരിപാടികള്‍ വീഡിയോ കവറേജ് നടത്തിയിട്ടുണ്ട്. കലാപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കലാരൂപങ്ങള്‍ ഡോക്കുമെന്റേഷന്‍ ചെയ്യുന്നത് റിസര്‍ച്ചിന് ഏറെ ഉപകാരപ്രദമാകും. ഇവ സൂക്ഷിക്കുന്നതിന് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചിയില്‍ സാംസ്‌കാരിക പഠന കേന്ദ്രം ആരംഭിക്കുന്നത് ആലോചിക്കും. കളരിയഭ്യാസത്തെ കായികവിഷയത്തിന്റെ ഭാഗമായി ചേര്‍ത്ത് സ്‌കൂളുകളില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത് പരിഗണിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരന്മാര്‍ക്ക് ആവശ്യമായ പരിഗണനകളും പദ്ധതികളും നടപ്പാക്കുന്നുണ്ടെന്നും എക്കാലത്തും പൂര്‍ണ്ണ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി. വനിത, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ സംവിധായകര്‍ക്ക് സര്‍ക്കാര്‍ സിനിമ നിര്‍മിക്കാനായി ധനസഹായം നല്‍കുന്നുണ്ട്. സിനിമ നയത്തില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുമുള്ള പ്രാതിനിധ്യവും ഉറപ്പാക്കും. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണ്. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കരുത്. സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാവുമ്പോള്‍ സിനിമയക്ക് പുറമെ ഡോക്യൂമെന്ററി ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഥാപ്രസംഗ കലയ്ക്ക് സേറ്റ് പാട്രണേജ് ഏര്‍പ്പെടുത്തുന്ന പ്രൊജക്ട് പരിശോധിക്കും. ഗ്രാമീണ കലാരൂപങ്ങള്‍ വലിയ രീതിയില്‍ വിപുലീകരിക്കാന്‍ തന്നെയാണ് ലക്ഷ്യം. നല്ല സിനിമകള്‍ നിലവിലെ തീയറ്റര്‍ സംവിധാനങ്ങളില്‍ പരമാവധി പ്രോത്സാഹിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ തിയേറ്ററുകള്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കസ് കലാകാരന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. രാത്രികാല സ്റ്റേജ് പരിപാടികളില്‍ സ്പീക്കറുകളുടെ ഉപയോഗം നിയന്ത്രിച്ച് പരിപാടി നടത്താനുള്ള അനുമതിക്ക് നടപടികള്‍ സ്വീകരിക്കാം. എല്ലാ പൊതു പരിപാടികളിലും യുവ കലാകാരന്മാര്‍ക്ക് അവസരം നല്‍കുന്നുണ്ട്. മുന്‍പ് അംഗീകാരം ലഭിച്ച കലാകാരന്മാരെ പരിപാടികളില്‍ ഉപയോഗിക്കരുത് നിലപാടെടുക്കാന്‍ സാധിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വര്‍ഗ്ഗീയതയെ പ്രതിരോധിക്കുന്നതിന് വലിയ പങ്ക് കലാ സാഹിത്യ രംഗത്തിന് വഹിക്കാന്‍ സാധിക്കും. വലിയ രീതിയിലുള്ള ഇടപെടല്‍ ആവശ്യമാണ്. ഇതിനായി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിത രീതി ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


നവകേരള സദസ്സിനെ പ്രകീര്‍ത്തിച്ച് ടി. പത്മനാഭന്‍

വര്‍ഷങ്ങളായി തന്റെ നാട്ടിലെ കോളനിയില്‍ അനുഭവപ്പെട്ട വെള്ളക്ഷാമത്തിന് നവകേരള സദസ്സിലൂടെ പരിഹാരം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവെച്ച് സാഹിത്യകാരന്‍ ടി പത്മനാഭന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ലുലൂ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുഖാമുഖം വേദിയിലാണ് ടി പത്മനാഭന്‍ സന്തോഷം പങ്കുവെച്ചത്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ നവകേരള സദസ്സില്‍ ഉയര്‍ന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. കാലതാമസം കൂടാതെ അത് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക കേന്ദ്രങ്ങള്‍ സജീവ സാംസ്‌കാരിക സംവാദത്തിന്റെ ഇടമാകണം: കെ. സച്ചിദാനന്ദന്‍

കേരളത്തിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളും സ്മാരകങ്ങളും സജീവമായ സാംസ്‌കാരിക സംവാദത്തിന്റെ ഇടമാകണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍ പറഞ്ഞു. ഇവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കണം. തൃശൂരില്‍ സംഘടിപ്പിച്ച സാര്‍വദേശീയ സാഹിത്യോത്സവം വരുംവര്‍ഷങ്ങളില്‍ വിപുലമാക്കാന്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ ആവശ്യപ്പെട്ടു. മിത്തുകള്‍, ചരിത്രം, ശാസ്ത്രം എന്നിവ മനസിലാക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. ഇതിനായി പാഠ്യപദ്ധതി ഉള്‍പ്പെടെ പരിഷ്‌കരിക്കണം. ഇതരഭാഷ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പോ ഫെലോഷിപ്പോ ഏര്‍പ്പെടുത്തുന്നത് താരതമ്യ സാഹിത്യപഠനത്തിന് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില കേന്ദ്രങ്ങളുടെ നടത്തിപ്പിലുള്ള കുറവുകള്‍ സാംസ്‌കാരിക വകുപ്പുമായി കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണം: പത്മശ്രീ രാമചന്ദ്ര പുലവര്‍

പ്രാചീന കലാരൂപമായ തോല്‍പ്പാവകൂത്ത് അവതരണവുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ക്ക് കൂടുതല്‍ യാത്ര ചെയ്യേണ്ടി വരാറുണ്ട്. കൊവിഡിന് മുമ്പ് വരെ ലഭിച്ച യാത്രാ ആനുകൂല്യം ഇന്നില്ലെന്നും സര്‍ക്കാര്‍ ഇടപ്പെട്ട് പുനസ്ഥാപിക്കാന്‍ സഹായിക്കണമെന്നും പത്മശ്രീ രാമചന്ദ്ര പുലവര്‍ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരാണ് എടുക്കേണ്ടതെന്നും പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനശാലകളില്‍ മൂല്യമുള്ള പുസ്തകങ്ങള്‍ വേണം: ബെന്യാമിന്‍

വായനശാലകള്‍ ഗ്രാന്റ് ഉപയോഗിച്ച് ചരിത്രപരമായും സാഹിത്യപരമായും മൂല്യമുള്ള പുസ്തകങ്ങള്‍ വാങ്ങണമെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. വായനശാലകള്‍ പൊതു ഇടങ്ങളായി മാറണം. യുവതലമുറയെ വായനയിലേക്ക് തിരിച്ചുകൊണ്ടുവരണം. വായനശാലകളില്‍ മൂല്യമുള്ള പുസ്തകങ്ങള്‍

ഉള്‍പ്പെടുത്താന്‍ ലൈബ്രറി കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ നഗരത്തില്‍ നിന്നും സെക്കന്റ് ഹാന്‍ഡ് പുസ്തകക്കച്ചവക്കാരെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പ്രവണതയും ബെന്യാമിന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, ഇവരെ ഒഴിവാക്കാന്‍ ഒരു തീരുമാനവും ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മലബാര്‍ മേഖലയില്‍ ഫൈന്‍ ആര്‍ട്‌സ് കോളജ് സ്ഥാപിക്കണം: കെ.കെ മാരാര്‍

പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഫൈന്‍ ആര്‍ട്‌സ് കോളജ് ഇല്ലെന്നും പുതിയത് സ്ഥാപിക്കുകയോ തലശ്ശേരിയില്‍ 91 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പഴയ ചിത്രകലാ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യണമെന്ന് ചിത്രക്കാരന്‍ കെ.കെ മാരാര്‍ അഭിപ്രായപ്പെട്ടു. ആവശ്യം ഗൗരവമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ടൂറിസം മേഖലയ്ക്ക് പ്രമുഖ്യം കൊടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരു നാഷണല്‍ ഗാലറി സ്ഥാപിക്കണം. 1000 ലേറെ വര്‍ഷം പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കണം. നവീകരണത്തിന്റെ ഭാഗമായി ഇവ നശിപ്പിക്കരുത്. ഇതിനായി നിയമപരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.


കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ പ്രൈം ടൈം അനുവദിക്കണം: ഷൈന്‍ ടോം ചാക്കോ

കലാമൂല്യമുള്ള സിനിമകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധീനതയില്‍ വരുന്ന തിയേറ്ററുകളില്‍ പ്രൈം ടൈമുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ അഭിപ്രായപ്പെട്ടു. ഇത്തരം സിനിമകള്‍ പലതും കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്നവയാണ്. സിനിമ തിയേറ്ററില്‍ കാണുമ്പോഴേ ആസ്വാദനം പൂര്‍ണമാവൂ. കലാമൂല്യമുള്ള ചിത്രങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. നല്ല സിനിമകള്‍ നിലവിലെ തിയേറ്റര്‍ സംവിധാനങ്ങളില്‍ പ്രോത്സാഹിപ്പിക്കാന്‍ അവസരമുണ്ടാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സൃഷ്ടിക്ക് ശാസ്ത്രാവബോധവും ആധുനിക മനസും നിര്‍ബന്ധം

നവകേരള സൃഷ്ടി പൂര്‍ണമാകണമെങ്കില്‍ ശാസ്ത്രാവബോധം നിര്‍ബന്ധമാണെന്നും അന്ധവിശ്വാസങ്ങളെ ചെറുക്കണമെന്നും എഴുത്തുകാരന്‍ വൈശാഖന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ഷോര്‍ട്ട് ഫിലിമുകളുടെ സാധ്യത ഉപയോഗപ്പടുത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാനും ശ്രദ്ധിക്കണം. തുടര്‍ന്ന് ശാസ്ത്രത്തിന്റെ എല്ലാവിധ ആധുനിക സൗകര്യങ്ങളും അനുഭവിച്ചാണ് നാം ജീവിക്കുന്നതെന്നും ഈ ശാസ്ത്ര ചിന്തയെ ഉള്‍ക്കൊള്ളാന്‍ ആധുനിക മനസ്സാണ് വേണ്ടതെന്നും പ്രൊഫ. ടി.ജെ ജോസഫ് പറഞ്ഞു.

ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. വര്‍ഗീയ ചേരിതിരിവിനെതിരേ ശക്തമായ നിലപാടെടുക്കുന്നവരാണ് കേരളത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍ എന്നിവ‌ർ വിശിഷ്ടാതിഥികളായി.

കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ്, പി. ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എന്‍. മായ, ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ, സാഹിത്യകാരന്‍ ടി. പത്മനാഭന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍, കലാമണ്ഡലം ഗോപിയാശാന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, വി.കെ ശ്രീരാമന്‍, ബെന്യാമിന്‍, സംവിധായകന്‍ കമല്‍, അഭിനേത്രി സാവിത്രി ശ്രീധരന്‍, കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ മിനാക്ഷി ഗുരുക്കള്‍, പത്മശ്രീ രാമചന്ദ്ര പുലവര്‍, ഡോ. നീനാ പ്രസാദ്, ചരിത്രകാരന്‍ എം.ആര്‍ രാഘവവാര്യര്‍, കഥാകൃത്ത് വൈശാഖന്‍, മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഫോക്ക്‌ലോര്‍ അക്കാദമി മുന്‍ അധ്യക്ഷന്‍ സി.ജെ കുട്ടപ്പന്‍, ചിത്രകാരന്‍ കെ.കെ മാരാര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായി. കേരള സംഗീത- നാടക അക്കാദമി അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി മോഡേറ്ററായി.