വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും: വെജിറ്റബിൾ കിയോസ്കുകളുമായി കുടുംബശ്രീ

വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ കിയോസ്ക് ആരംഭിക്കുന്നു. നേച്ചേഴ്സ് ഫ്രഷ് എന്ന പേരിൽ ആരംഭിക്കുന്ന കിയോസ്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കാർഷിക ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ കാർഷിക സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും പൊതുജനങ്ങൾക്ക് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാനും ഏകീകൃത സ്വഭാവത്തിൽ പ്രവർത്തിക്കുന്ന കിയോസ്കുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ സാധിക്കുന്നതാണ്.
ജില്ലയിൽ വെങ്ങോല, കോട്ടപ്പടി, ആവോലി, പാറക്കടവ്, മുളന്തുരുത്തി, കരുമാലൂർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ നേച്ചേഴ്സ് ഫ്രഷ് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്.