വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷിയാരംഭിച്ചു

post

എറണാകുളം : വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും പച്ചക്കറി കൃഷിയാരംഭിക്കുകയാണ് .കോവിഡ് 19 രോഗവ്യാവനം തടയുന്നതിനായി  എല്ലാവരും വീട്ടിലിരിക്കുന്ന സാഹചര്യമാണ്. വീട്ടില്‍ വെറുതേയിരുന്ന് സമയം പാഴാക്കാതെ വീട്ടുമുറ്റത്തും മട്ടുപ്പാവിലും പച്ചക്കറി കൃഷിയാരംഭിക്കുകയെന്ന കേരളാ മുഖ്യമന്ത്രിയുടെ  നിര്‍ദ്ദേശപ്രകാരം വടക്കേക്കര ഗ്രാമപഞ്ചായത്തു ഭരണ സമിതി യോഗം ചേര്‍ന്ന് പഞ്ചായത്തിലെ  എല്ലാ വീടുകളിലും കൃഷിയാരംഭിക്കുവാന്‍ തീരുമാനിച്ചു.  ഇതിനോടകം 4827 വിടുകളില്‍ കഴിഞ്ഞ 5 ദിവസം കൊണ്ട് വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും പച്ചക്കറി തോട്ടങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. ചീര, പയര്‍ ,വെണ്ട ,വഴുതന ,മുളക് ,പാവല്‍ ,പടവലം ,പീച്ചില്‍ ,കോവല്‍ ,നിത്യവഴുതന ,തക്കാളി ,അമര ,വാളങ്ങ ,ചുരയ്ക്ക ,മത്തന്‍ തുടങ്ങിയ പച്ചക്കറി വിളകളും ,പയര്‍ ,കടല ,കടുക് ,ജീരകം ,ഗോതമ്പ് ,ഉഴുന്ന് ,ചെറുപയര്‍ എന്നിവയുടെ വിത്ത് വിതച്ച് ,ഇളം തൈകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. നടാന്‍ ആവശ്യമായ തൈകള്‍ ഗ്രാമപഞ്ചായത്ത് നഴ്‌സറിയില്‍ മുളപ്പിച്ച് ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും സൗജന്യമായി വിതരണം എത്തിച്ചു നല്‍കുകയാണ്. ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ,ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ ,കാര്‍ഷിക കര്‍മ്മ സേനാ അംഗങ്ങള്‍ ,കുടുംബശ്രീപ്രവര്‍ത്തകര്‍. ബഹുജന സംഘടനകളില്‍പ്പെട്ടവര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ ,വീടുകളില്‍ പച്ചക്കറിതൈകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി ചലഞ്ചില്‍ പങ്കാളിയാവുക എന്ന ശീര്‍ഷകത്തില്‍ ശക്തമായ ജനകീയ ഇടപെടല്‍ നടത്തി പുത്തന്‍ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത്. വടക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തില്‍ ,വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ കൃഷിയാരംഭിക്കുവാനുള്ള പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കുടുംബശ്രീയംഗങ്ങള്‍ക്ക് തടാനാവശ്യമായ നടീല്‍ വസ്തുക്കള്‍ വിതരണമാരംഭിച്ചു .7000 ത്തോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ വീടുകളില്‍ കൃഷിയാരംഭിക്കുകയാണ്. ഗ്രാമ പഞ്ചായത്തിലെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലും കൃഷി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നിയന്ത്രണത്തിലുള്ള എക്കോ ഷോപ്പ് വഴി ജൈവവളങ്ങള്‍ ,ജൈവ കീടനാശിനികള്‍ ,ഗ്രോബാഗ് ,വളര്‍ച്ചാ ത്വരഗങ്ങള്‍, ഹൈബ്രിഡ് വിത്തുകള്‍ മുതലായ കൃഷിയനുബന്ധ വസ്തുക്കള്‍ വിതരണം നടത്തുന്നു. .കൊറോണാ കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും  മികച്ച പച്ചക്കറി തോട്ടം ഒരുക്കുന്നവര്‍ക്ക് വടക്കേക്കര ഗ്രാമപഞ്ചായത്ത്  പുരസ്‌കാരം നല്‍കുവാന്‍ തീരുമാനിച്ചതായി  ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.