ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം 'തില്ലാന- 2024' ഉദ്ഘാടനം ചെയ്തു

post

കുടുംബശ്രീ സംഘടിപ്പിക്കുന്ന ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം 'തില്ലാന-2024' തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബഡ്സ് വിദ്യാര്‍ഥികള്‍ക്കായി അടുത്തവര്‍ഷം മുതല്‍ കായികമേളയും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച കലോത്സവം ഇതിനോടകം വലിയശ്രദ്ധ നേടി. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ കായിക മികവുള്ള നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികരംഗത്തേക്ക് കൊണ്ടു വരുന്നതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനാകും. കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനോടൊപ്പം കായികമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഇടമായി കായികമേള മാറുമെന്നും മന്ത്രി പറഞ്ഞു.

നിരന്തരമായ പരിശീലനത്തിലൂടെ അഞ്ച് വര്‍ഷം കൊണ്ട് കലാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ സാധാരണ കുട്ടികളെ പോലെ ബഡ്സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും സാധിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാമൂഹിക മുന്നേറ്റത്തിനൊപ്പം സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. അതിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗമൊരുക്കാനും അതുവഴി അവരെ സമഗ്രവികാസം കൈവരിക്കാന്‍ സഹായിക്കുന്നതുമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.

ഇതിനായി കുട്ടികള്‍ തയ്യാറാക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ 'ഇതള്‍' എന്ന പേരില്‍ ഏകീകൃത ബ്രാന്റിങ് നടത്തി വിപണിയിലിറക്കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതി അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് നിലവില്‍ 359 ബഡ്സ് സ്ഥാപനങ്ങളിലായി 11642 കുട്ടികളുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. കുടുംബശ്രീ നിര്‍വഹിക്കുന്ന ഏറ്റവും മികച്ച സാമൂഹ്യ ഉത്തരവാദിത്വമാണ് ബഡ്സ് സ്ഥാപനങ്ങള്‍. കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ കാലത്തിനനുസൃതമായി നവീകരിച്ച് പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന വര്‍ഷമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. ബഡ്സ് സ്ഥാപനങ്ങളുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന തീം സ്റ്റാളിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു.

കലയുടെ തില്ലാന പാടി ബഡ്‌സ് കലോത്സവം

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനുമപ്പുറം എതിര്‍ ടീമിന് വേണ്ടിയും മനസ്സ് തുറന്ന കരഘോഷങ്ങള്‍. സദസ്സിനെ വിസ്മയിപ്പിച്ച പ്രകടനങ്ങള്‍. പരിമിതികളെ മറന്ന് സര്‍ഗ്ഗാത്മകതയെ സാധ്യതകളാക്കി അവര്‍ ആടിത്തിമര്‍ത്തു. കലയുടെ ഉത്സവമേളത്തില്‍ വേദനകള്‍ മാറിനിന്നു. സകലകലകളുടെ തില്ലാന പാടി തലശ്ശേരി ബ്രണ്ണന്‍ കോളേജ് അങ്കണവും. ജനുവരി 20, 21 തീയതികളില്‍ നടക്കുന്ന അഞ്ചാമത് സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ 400 ഓളം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. മട്ടന്നൂര്‍ പഴശ്ശിരാജ സ്മാരക ബഡ്സ് സ്‌കൂളിലെ ബാന്‍ഡ് ട്രൂപ്പിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടന വേദിയായ സൂര്യകാന്തിയിലേക്ക് മന്ത്രി എം ബി രാജേഷിനെ സ്വീകരിച്ചത്. കുടുംബശ്രീ മുദ്രാ ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്.

ആദ്യ ദിനത്തില്‍ നാലു വേദികളിലായി 14 ഇനങ്ങളാണ് നടന്നത്. ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വേദി ഒന്ന് സൂര്യകാന്തിയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും നാടോടിനൃത്തവും ഒപ്പനയും അരങ്ങേറി. ശതോത്തരി ഹാളില്‍ ഒരുക്കിയ രണ്ടാം വേദി ചെമ്പകത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ മിമിക്രി, സീനിയര്‍ ആണ്‍കുട്ടികളുടെ നാടോടി നൃത്തം, പ്രച്ഛന്ന വേഷം എന്നിവയും നടന്നു. ഓപ്പണ്‍ ഓഡിറ്റോറിയത്തിലെ മൂന്നാം വേദിയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ ലളിതഗാനവും നാടന്‍പാട്ടുമാണ് നടന്നത്. പെന്‍സില്‍ ഡ്രോയിംഗ്, ക്രയോണ്‍, എംബോസ് പെയിന്റിംഗ് എന്നിവ ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റില്‍ ഒരുക്കിയ വേദി നാല് മുല്ലയിലാണ് സംഘടിപ്പിച്ചത്.

രണ്ടാം ദിനം (ജനുവരി 21) വേദി ഒന്നില്‍ രാവിലെ സീനിയര്‍ പെണ്‍കുട്ടികളുടെ നാടോടി നൃത്തവും ഉച്ച മുതല്‍ സംഘനൃത്തവും നടക്കും. വേദി രണ്ടില്‍ രാവിലെ ചെണ്ടയും ഉച്ച മുതല്‍ കീബോര്‍ഡ് മത്സരവുമാണ് നടക്കുക. മത്സരിച്ച എല്ലാവര്‍ക്കും സമ്മാനം നല്‍കും.

കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള തീം സ്റ്റാളും തില്ലാനയില്‍ ഒരുക്കിയിട്ടുണ്ട്.

തില്ലാനയില്‍ ബഡ്സ് ഉല്‍പന്ന മേളയും

കലയ്‌ക്കൊപ്പം കരവിരുതിന്റെയും വേദിയാവുകയാണ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന തില്ലാന' സംസ്ഥാന ബഡ്സ് കലോത്സവം. ബഡ്സ് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയാണ് ശ്രദ്ധേയമാകുന്നത്.

കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന ബഡ്സ് ഉപജീവന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച നോട്ട്ബുക്ക്, നോട്ട്പാഡ്, പേപ്പര്‍ പേന, ഓഫീസ് ഫയല്‍, ചവിട്ടി, മെഴുകുതിരി, ഡിഷ് വാഷുകള്‍, സോപ്പ്, അച്ചാര്‍, പേപ്പര്‍ ബാഗ്, കുട, തുണി സഞ്ചി, ആഭരണങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, എംബോസ് പെയിന്റിങുകള്‍ തുടങ്ങിയവയാണ് മേളയിലുള്ളത്. വിവിധ ജില്ലകളില്‍ നിന്നുള്ള സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

കുടുംബശ്രീ ഔട്ട്‌ലെറ്റുകള്‍ മുഖേനയും വിവിധ മേളകളിലൂടെയുമാണ് ബഡ്സ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. കില, കുടുംബശ്രീ മിഷന്‍ എന്നിവയുടെ പരിശീലന പരിപാടികളില്‍ ഉള്‍പ്പെടെ ബഡ്സ് പേപ്പര്‍ പേനകള്‍, പാഡുകള്‍ തുടങ്ങിയവ ലഭ്യമാക്കാറുണ്ട്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ഇതള്‍ എന്ന ബ്രാന്റില്‍ ബഡ്സ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇത് സംസ്ഥാനമാകെ വ്യാപിപ്പിച്ച് 'ഇതള്‍' ഏകീകൃത ബ്രാന്‍ഡ് സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.