ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

post

തൃശൂര്‍: 32-ാമത് തൃശൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഗുരുവായൂരില്‍ തുടക്കമായി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുകയെന്നതാണ് കലോത്സവത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് മേരി തോമസ് പറഞ്ഞു. നേരത്തെ, വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍ എന്‍. ഗീത പതാക ഉയര്‍ത്തി. 

കുട്ടികള്‍ അവരുടെ ലോകം സൃഷ്ടിച്ച് അവനവനിലേക്ക് ചുരുങ്ങുകയാണെന്നും, എന്നാല്‍ ലോകത്തിലേക്ക് തിരിയുന്ന സാമൂഹ്യ പ്രവര്‍ത്തനം കലയാണെന്നും കലോത്സവ സന്ദേശം നല്‍കിയ നടന്‍ വി. കെ. ശ്രീരാമന്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ കലവൂര്‍ രവികുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ. ഉദയപ്രകാശ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍. കെ. അക്ബര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുസ്താഖ് അലി എന്നിവര്‍ക്കൊപ്പം, മറ്റ് സര്‍ക്കാര്‍, നഗരസഭാ പ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജി.യു.പി. സ്‌കൂള്‍ ഗുരുവായൂര്‍, ലിറ്റില്‍ ഫഌര്‍ ഗേള്‍സ് കോണ്‍വെന്റ് മമ്മിയൂര്‍, എല്‍.എഫ്.യു.പി. സ്‌കൂള്‍ മമ്മിയൂര്‍, ശിക്ഷക് സദന്‍ മുതുവട്ടൂര്‍ എന്നീ ആറ് വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സ്‌കൂള്‍ കലോത്സവം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പങ്കെടുക്കുന്ന സമ്മേളനത്തോടെ സമാപിക്കും.