അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന: ജില്ലാ കലക്ടര്‍

post

കൊല്ലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണനൊപ്പം കൊല്ലം ലാല്‍ ബഹാദുര്‍ സ്റ്റേഡിയം, പറക്കുളം, ഉമയനല്ലൂര്‍ മേഖലകള്‍ എന്നിവിടങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു കലക്ടര്‍. ഇവരെ വിവിധ തൊഴിലുകള്‍ക്കെത്തിച്ച കോണ്‍ട്രാക്ടര്‍മാര്‍ കൂലിയും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളുടെ ഉടമസ്ഥരും  ഉത്തരവാദിത്വത്തോടെയുള്ള സമീപനം സ്വീകരിക്കണം. ലോക്ക് ഡൗണ്‍ കാലയളവില്‍  അതിഥി തൊഴിലാളികള്‍ മുറികളില്‍ തന്നെ തുടരണം. ഇതിന് ലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍ക്കും  താമസ സ്ഥല ഉടമകള്‍ക്കു മെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കും. അതിഥി തൊഴിലാളികള്‍ക്ക് എവിടെയെങ്കിലും ഭക്ഷണം ലഭിക്കാത്തത് സംബന്ധിച്ച പരാതിയുണ്ടായാല്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ വഴിയും മറ്റും  സമൂഹ അടുക്കള വഴി പാചകം ചെയ്ത ഭക്ഷണമോ അല്ലെങ്കില്‍ ആവശ്യമായ ധാന്യങ്ങളും  പച്ചകറികളുമോ വിതരണം ചെയ്യണം. മുറികളില്‍ നിശ്ചിത എണ്ണത്തിലധികം തൊഴിലാളികള്‍ പാടില്ല.

സാഹചര്യങ്ങള്‍ മാറുന്ന മുറയ്ക്ക് തൊഴിലാളികള്‍ക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോകുന്നതിന് അനുമതി നല്‍കും. അതു വരെ സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിച്ച്  അവരവരുടെ ക്യാമ്പുകളില്‍ തുടരണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം എസ് ഫത്തഹുദ്ദീന്‍, മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍ ലക്ഷ്മണന്‍ എന്നിവര്‍ തദ്ദേശ സ്ഥാപന തലത്തില്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് അറിയിച്ചു.

  എഡിഎം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ സുമീതന്‍ പിള്ള, ജില്ലാ ലേബര്‍ ഓഫീസര്‍ എ ബിന്ദു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ ജി  സന്തോഷ് തുടങ്ങിയവര്‍ സന്ദര്‍ശത്തിന്റെ ഭാഗമായി .