അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും : മന്ത്രി പി പ്രസാദ്

post

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിച്ച് എല്ലാ മേഖലകളിലും വികസന മാറ്റങ്ങൾ കൈവരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് . തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന തൃശൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഭൂരഹിതർ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം വൈകാതെ സാക്ഷാത്കരിക്കും. 2025 നവംബറോടെ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കർഷകർക്കായി വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. എല്ലാവർക്കും ഭവനം, ഭൂമി, പട്ടയം , വൈദ്യുതി, ചികിത്സ, ശുദ്ധ ജലം, മികച്ച വിദ്യാഭ്യാസം, എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ എത്തിക്കുന്നതിലൂടെയാണ് നവകേരളം സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് ജോലി നൽകാനും, എല്ലാ മേഖലയിലും വികസനം കൊണ്ടു വരാനും സർക്കാരിനു സാധിച്ചിട്ടുണ്ട്. വികസന നേട്ടങ്ങളാണ് നവകേരള സദസിലേക്ക് ജനങ്ങളെ കൂട്ടമായി എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.