മഴക്കെടുതി നേരിടുന്ന തമിഴ്‌നാടിനെ ചേർത്ത് പിടിക്കണം - മുഖ്യമന്ത്രി

post

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോം ചുഴലിക്കാറ്റിൽ കനത്ത ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പെട്ട് അന്വേഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ൽ പെയ്തതിനേക്കാൾ അധികമാണ് ചെന്നൈയിൽ ഇത്തവണത്തെ മഴയെന്നാണ് റിപ്പോർട്ട്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേർത്തുനിർത്തേണ്ടതുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും തമിഴ് നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു നൽകാൻ നടപടി എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ സഹായം ചെയ്യാൻ എല്ലാ മലയാളികളും തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.