നെല്ലുസംഭരണ തുക വിതരണം ഈയാഴ്ച പൂർത്തിയാക്കും: മന്ത്രി ജി. ആർ. അനിൽ

post

സംസ്ഥാനത്തെ നെൽകർഷകർക്ക് നൽകാനുള്ള സംഭരണ തുക ഈയാഴ്ച തന്നെ വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ. പാലക്കാട് നെന്മാറ ബോയ്സ് ഹൈസ്കൂളിൽ നടന്ന നെന്മാറ മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്ലുസംഭരണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ല. എന്നാൽ അതിനു കാത്തു നിൽക്കാതെ കർഷകർക്ക് തുക നൽകാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സർക്കാർ തലത്തിൽ ബാങ്കുകളുമായി ചർച്ച നടത്തി ആവശ്യമായ നടപടി സ്വീകരിച്ചു. ഈ പ്രക്രിയയ്ക്ക് വേണ്ടത്ര വേഗത പോരെന്ന് കണ്ടതിനെ തുടർന്ന് കൃഷി ഓഫീസുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ തീരുമാനിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ 1200 ഓളം കർഷകർക്ക് തുക വിതരണം ചെയ്യാനായി. ഈയാഴ്ച തന്നെ തുക പൂർണമായും വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.