നവകേരള സദസ്സ്: വേറിട്ട പ്രദര്‍ശനമൊരുക്കി ചെറുതുരുത്തി ഗവ. എല്‍.പി സ്‌കൂള്‍

post

നവകേരള സദസ്സിന്റെ ഭാഗമായി വേറിട്ട പ്രദര്‍ശനമൊരുക്കി തൃശൂർ ജില്ലയിലെ ചെറുതുരുത്തി ഗവ. എല്‍.പി സ്‌കൂള്‍. ഉപയോഗശേഷം സംസ്‌കരണം ഉറപ്പാക്കാതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് കരകൗശല വസ്തുക്കള്‍ ഒരുക്കിയാണ് സ്‌കൂള്‍ വേറിട്ട മാതൃകയാകുന്നത്‌. മണ്ണിലേക്ക് വലിച്ചെറിയുന്ന കുപ്പികളും കിറ്റുകളും അടങ്ങുന്ന പ്ലാസ്റ്റിക്കുകള്‍ പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതിനൊപ്പം ഉപയോഗശേഷം മാലിന്യമാകുന്ന പ്ലാസ്റ്റിക് വസ്തുക്കളെ പുനരുപയോഗത്തിന് വിധേയമാക്കി കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.

നവകേരള സദസ്സിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് സംഘടിപ്പിച്ച പ്രദര്‍ശനം പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു പുത്തന്‍ പാഠമാണ് പകർന്നു നൽകുന്നത്. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഇ.കെ. അലി അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ യൂസഫ്, പഞ്ചായത്ത് സെക്രട്ടറി എന്‍.എം. ഷെരീഫ്, സുബിന്‍ ചെറുതുരുത്തി, കെ.എം ശാലിനി, ടി.എ. കവിത തുടങ്ങിയവര്‍ പങ്കെടുത്തു.