വി.കെ.കാണി സർക്കാർ ഹൈസ്‌കൂളിന് സ്വപ്ന സാഫല്യം

post

വിവിധ പദ്ധതികൾ യാഥാർത്ഥ്യമായി

തിരുവനന്തപുരം ജില്ലയിലെ പനയ്ക്കോട് വി.കെ.കാണി സർക്കാർ ഹൈസ്‌കൂളിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. വർണ്ണക്കൂടാരം, സ്‌കൂൾ ബസ്, സ്കൂൾ സോളാർ, ഹൈടെക് സ്‌റ്റീം കിച്ചൺ എന്നിങ്ങനെ വിദ്യാലയത്തിന്റെ സ്വപ്ന പദ്ധതികളാണ് യാഥാർത്ഥ്യമായത്. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി സർക്കാർ വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കാൻ സർക്കാരിനൊപ്പം ജനങ്ങളും കൈകോർക്കുന്നതിന്റെ നേർകാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ സലൂജയാണ് ഹൈടെക് സ്‌റ്റീം കിച്ചണിന്റെ ഉദ്ഘാടനം നിർവഹിച്ചത്.


എസ്.എസ്.കെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണക്കൂടാരം പദ്ധതി വിദ്യാലയത്തിൽ പൂർത്തിയാക്കിയത്. പൂർണ്ണമായും ശീതികരിച്ച ഇ-ക്ലാസ്സ്‌ റൂമും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവാക്കിയാണ് ആധുനിക സൗകര്യത്തോടുകൂടി, പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കാൻ കഴിയുന്ന ഹൈടെക് സ്‌റ്റീം കിച്ചൺ ഒരുക്കിയത്.


പി.ടി.എ കമ്മിറ്റി 5.5 ലക്ഷം രൂപ വിനിയോഗിച്ച് വിദ്യാലയത്തിന് സ്‌കൂൾ ബസ്സും വാങ്ങി നൽകി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 9.5 ലക്ഷം രൂപ വിനിയോഗിച്ച് സ്കൂൾ സോളാർ പദ്ധതിയും യാഥാർത്ഥ്യമാക്കി.


പി.ടി.എ പ്രസിഡന്റ് കെ.ജെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.ജെ സുരേഷ്, ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുനിത എസ്, ഹെഡ്മിസ്ട്രസ് അനിത കുമാരി തുടങ്ങിയവരും സന്നിഹിതരായി.