ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

post

ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂരിന്റെ തിളക്കമാർന്ന മുഖമായി റെയിൽവേ മേൽപ്പാലത്തിന് മാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നവകേരളത്തിന് വഴികാട്ടിയാവുകയാണ് ഗുരുവായൂരെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കും. നവകേരള സദസ്സിന് മുന്നോടിയായുള്ള സമ്മാനമാണ് റെയിൽവേ മേൽപ്പാലമെന്നും മന്ത്രി പറഞ്ഞു.


ഗുരുവായൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജന്‍, ടി.എന്‍. പ്രതാപന്‍ എംപി, എംഎല്‍എമാരായ എന്‍.കെ. അക്ബര്‍ എംഎല്‍എ, മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുൻ എംഎൽഎയുമായ കെ.വി. അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാം, സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ വി. രാജഗോപാലന്‍, ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ ടി.എസ് സിന്ധു, ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, നഗരസഭംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കരാറുകാർ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.