അതിഥി തൊഴിലാളികളുടെ വിവരം കെട്ടിട ഉടമകള്‍ നല്‍കണം

post

കണ്ണൂര്‍ : അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ വിവരം മാര്‍ച്ച് 29 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി പഞ്ചായത്ത്, നഗരസഭാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തൊഴിലാളികളുടെ പേര്, സംസ്ഥാനം, മൊബൈല്‍ നമ്പര്‍, ആവാസ് കാര്‍ഡ് നമ്പര്‍, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.  

കോണ്‍ട്രാക്ടരുടെയോ തൊഴിലുടമയുടെയോ കീഴില്‍ അല്ലാതെ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ വിവരമാണ് ഇങ്ങനെ ശേഖരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. നഗരസഭകളിലും ജില്ലാ ആസ്ഥാനത്തും കണ്ണൂര്‍ താലി എന്നപേരില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍  ആരംഭിക്കുമെന്നം കലക്ടര്‍ അറിയിച്ചു. അശരണരായ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ക്യാമ്പ് ആരംഭിക്കും.

അതേസമയം, കോണ്‍ട്രാക്ടരുടെയോ തൊഴിലുടമയുടെയോ കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ഭക്ഷണ, താമസ കാര്യത്തില്‍ അതത് കോണ്‍ട്രാക്ടര്‍മാര്‍ക്കും തൊഴിലുടമകള്‍ക്കും തന്നെയായിരിക്കും ഉത്തരവാദിത്തം. തൊഴിലാളികള്‍ക്ക് താമസത്തിനും സൗജന്യ ഭക്ഷണത്തിനും സൗകര്യം ഒരുക്കണം. ഇവരെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിടാനോ മറ്റോ ശ്രമമുണ്ടായാല്‍ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ക്ക് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെ 9400066616 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.