ഖാദി ഗ്രാമ വ്യവസായ പാര്‍ക്കില്‍ 'റെഡിമെയ്ഡ് വാര്‍പ്പിംഗ് യൂണിറ്റ്'

കൊല്ലം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊല്ലം കോര്‍പ്പറേഷന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി രാമന്‍കുളങ്ങരയില്‍ ഖാദി റെഡിമെയ്ഡ് വാര്‍പ്പിംഗ് (പാവ്) യൂണിറ്റ് തുടങ്ങി. മേയര്‍ അഡ്വ വി രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു. നൂല്‍പ്പ് കേന്ദ്രങ്ങളില്‍ ഉല്പാദിപ്പിക്കുന്ന നൂല്‍ നെയ്ത്തു കേന്ദ്രങ്ങളിലെ തറി ഉപയോഗിച്ചു നെയ്‌തെടുത്തു ഖാദി വസ്ത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് പാവ് ചുറ്റുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. റെഡിമെയ്ഡ് വാര്‍പ്പിംഗ് യൂണിറ്റ് നിലവില്‍ വന്നതോടെ പാവ് ചുറ്റല്‍ വേഗത്തിലാക്കാനും അത്തരം പാവുകള്‍ സമയബന്ധിതമായി നെയ്ത്ത് കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു നെയ്ത്ത് ഗണ്യമായ തോതില്‍ വേഗത്തിലാക്കാനും ഉല്‍പാദനം വര്‍ധിപ്പിക്കാനും കഴിയുമെന്ന് മേയര്‍ വി. രാജേന്ദ്രബാബു അഭിപ്രായപ്പെട്ടു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി. രാമന്‍കുളങ്ങര ഖാദി ഗ്രാമവ്യവസായ പാര്‍ക്കില്‍ വിവിധ ജില്ലകള്‍ക്കാവശ്യമായ റെഡിമെയ്ഡ് വാര്‍പ്പ് ഉല്പാദിപ്പിക്കുന്ന പദ്ധതിയിലൂടെ 25 പേര്‍ക്ക് നേരിട്ടും നൂറിലധികം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കും.
2018 -19 സാമ്പത്തിക വര്‍ഷത്തില്‍ ഒരുകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും ആദ്യഘട്ടമായി 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിന് കീഴില്‍ 15 നൂല്‍പ്പ് കേന്ദ്രങ്ങളും നാല് നെയ്ത്ത് കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 19 ഖാദി ഉത്പാദന കേന്ദ്രങ്ങളിലായി മുന്നൂറില്‍പരം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്ക് വേതനത്തോടൊപ്പം ഇന്‍സെന്റീവ്, മിനിമം വേതനം, എം ഡി എ, ഇ എസ് ഐ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
പദ്ധതിയുടെ രണ്ടാംഘട്ടമായി 80 ലക്ഷം രൂപ കൊല്ലം കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമാകുന്നതുവഴി ഇതര ജില്ലകളിലെ നെയ്ത്ത് കേന്ദ്രങ്ങളിലേക്കും റെഡിമെയ്ഡ് പാവുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കും. ഇതുവഴി സംസ്ഥാനത്തൊട്ടാകെ 1000 വനിതാ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ സത്താര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജെ രാജേന്ദ്രന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ആനേപ്പില്‍ ഡോ ഡി സുജിത്ത്, കൗണ്‍സിലര്‍ എസ് ജയന്‍, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ശരത് വി. രാജ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ ജി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.