കുടിവെള്ള വിതരണം നടത്തുന്നവര്‍ എഫ് ബി ഒ ലൈസന്‍സുകള്‍ എടുക്കണം

post

കൊല്ലം: കുടിവെളളം വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ടാങ്കര്‍ ലോറികളിലും മറ്റ് വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ലൈസന്‍സിംഗ് ആന്റ് രജിസ്‌ട്രേഷന്‍) റെഗുലേഷന്‍ 2011 പ്രകാരം എഫ് ബി ഒ ലൈസന്‍സുകള്‍ എടുത്തിരിക്കണം. ലൈസന്‍സുള്ള ടാങ്കര്‍ ലോറികളില്‍/ടാങ്കുകളില്‍ മാത്രമേ ജില്ലയില്‍ കുടിവെള്ള വിതരണം/വില്പ്പന നടത്താന്‍ പാടുള്ളൂ.

കുടിവെള്ള വിതരണത്തിനായി വ്യക്തികള്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ ലൈസന്‍സില്‍ കൃത്യമായി രേഖപ്പെടുത്തി പ്രത്യേകം ലൈസന്‍സ് എടുക്കണം. വാടക വാഹനങ്ങള്‍ക്കും ലൈസന്‍സ് എടുക്കണം. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം എന്ന് വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കണം. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളമെങ്കില്‍ നിര്‍മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എന്ന് എഴുതിയിരിക്കണം. ഇങ്ങനെ എഴുതാതെ കൊണ്ടുപോകുന്ന വെള്ളം കുടിവെള്ളമായി പരിഗണിച്ച് നിയമ നടപടികള്‍ സ്വീകരിക്കും.

കുടിവെള്ള വിതരണ വാഹനങ്ങളില്‍ എഫ് ബി ഒ ലൈസന്‍സ് നമ്പര്‍ വ്യക്തമായി രേഖപ്പെടുത്തണം. കുടിവെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ ഉള്‍വശം ബിറ്റുമിനാസ്റ്റിക് കോട്ടിംഗോ മറ്റ് അനുവദനീയമായ കോട്ടിംഗോ ഉള്ളവയായിരിക്കണം. കോട്ടിംഗ് ഇല്ലാതെ കുടിവെള്ളം വിതരണം ചെയ്യുന്നത് നിയമ വിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.

വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള കുടിവെള്ള സ്രോതസുകള്‍ക്ക് എഫ് ബി ഒ ലൈസന്‍സ് ഉണ്ടായിരിക്കണം. ലൈസന്‍സുള്ള കുടിവെള്ള സ്രോതസുകളില്‍ നിന്നുമാത്രമേ വെള്ളം ശേഖരിക്കാവൂ. സ്രോതസുകളിലെ ജലം ആറു മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലോ എന്‍ എ ബി എല്‍ അക്രഡിറ്റഡ് ലാബുകളിലോ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കണം.

കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും വാഹനങ്ങളില്‍ ഘടിപ്പിച്ച ടാങ്കറുകളിലും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിംഗ് എന്നിവയുടെ തെളിവ് അടങ്ങിയ രേഖകള്‍ ഉണ്ടായിരിക്കണം. രേഖകള്‍ ഇല്ലാതെ കുടിവെള്ളം വിതരണം നടത്തിയാല്‍ വാഹനം പിടിച്ചെടുത്ത് പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.

കുടിവെള്ളം വാങ്ങുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സുള്ള വിതരണക്കാരില്‍ നിന്നും മാത്രം വാങ്ങി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഹോട്ടലുകള്‍, റെസ്റ്റാറന്റുകള്‍, ഫഌറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം ആവശ്യമുള്ള മറ്റ് സംരംഭകര്‍ എന്നിവര്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. രജിസ്റ്ററില്‍ കുടിവെള്ള സ്രോതസ്, പരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാങ്ങുന്ന വെള്ളത്തിന്റെ കൃത്യമായ അളവ്(ലിറ്ററില്‍), വിതരണക്കാരന്റെ ലൈസന്‍സിന്റെ വിവരങ്ങള്‍, വിതരണത്തെ സംബന്ധിച്ച കരാറിന്റെ പകര്‍പ്പ് എന്നിവ സൂക്ഷിക്കണം. രജിസ്റ്ററുകള്‍ സൂക്ഷിക്കാതിരുന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കും. കുടിവെള്ളം വിതരണവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടണം.