പുതിയ മാതൃക തീർത്ത് കുടുംബശ്രീയുടെ 'തിരികെ സ്‌കൂള്‍' ക്യാമ്പയിന്‍

post

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ 'തിരികെ സ്‌കൂള്‍' ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മാരത്തോണ്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഫ്‌ളാഗ്ഗ് ഓഫ് ചെയ്തു. കുടുംബശ്രീ നടപ്പിലാക്കുന്ന 'തിരികെ സ്‌കൂള്‍' ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും പുതിയ വഴികള്‍ തേടി കുടുംബശ്രീ വനിതകള്‍ വിദ്യാലയത്തിലേക്ക് എത്തുന്നത് അഭിമാനകരമായ കാര്യമാണ്. സ്ത്രീ ശാക്തീകരണം, ഡിജിറ്റല്‍ വിദ്യാഭ്യാസം, പ്രാദേശിക സാമ്പത്തിക വികസനത്തിനു ഗുണകരമായ സംരംഭങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സുകളാണ് തിരികെ സ്‌കൂള്‍ ക്യാമ്പയിനില്‍ ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയാണ് ക്യാമ്പയിന്‍ നടക്കുക. ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ വരുന്ന ഏകദേശം 600 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ മാരത്തോണില്‍ പങ്കെടുത്തു.

ചടങ്ങില്‍ ഇരിങ്ങാലക്കുട ഒന്നിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പാവതി അധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, മറ്റു കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.