കോവിഡ് 19 : ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ്-19

post

കൊല്ലം : ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃക്കരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന ആളുടെ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി സ്ഥിരീകരിക്കുകയായിരുന്നു. അടിയന്തരമായി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ തുടര്‍ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളേയും ആശുപത്രിയില്‍ ഐസൊലേഷനില്‍ ആക്കിയിട്ടുണ്ട്. ഇയാള്‍ ദുബെയില്‍ നിന്നും വന്നയാളാണ്. റൂട്ട് മാപ്പ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകള്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കുന്നതിനും സമൂഹത്തിലേക്ക് വ്യാപിക്കാതിരിക്കുന്നതിനും അതീവ തുടരുകയാണ്. ഗൃഹനിരീക്ഷണത്തിലുള്ളവര്‍ ഒരു കാരണവശാലും മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങരുത്. അത് രോഗവ്യാപ്തി പതിന്‍മടങ്ങായി വര്‍ധിപ്പിക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ എല്ലാവരും വീട്ടിലിരിക്കുകയാണ് വേണ്ടത്.  എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ജില്ലാ ഭരണകൂടം നേരിട്ടു തന്നെ സഹായിക്കുന്നതിന് സജ്ജമാണ്. നിയമ ലംഘകര്‍ക്ക് കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ വ്യക്തമാക്കി.

580 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 80 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 500 പേരുടെ റിസല്‍റ്റ് വന്നതില്‍ 499 എണ്ണം  നെഗറ്റീവ് ആണ്. അതീവജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന്  വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.