മണ്ണുത്തി വെറ്ററിനറി ക്യാമ്പസിൽ മൾട്ടിമീഡിയ പ്രൊഡക്ഷൻ സ്റ്റുഡിയോ തുറന്നു

post

തൃശ്ശൂരിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി മണ്ണുത്തി ക്യാമ്പസിൽ 'മിറർ' മൾട്ടിമീഡിയ പ്രൊഡക്ഷൻ സ്റ്റുഡിയോ സജ്ജമാക്കി. ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിരവധി പരീക്ഷണങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നത് തുടരുമെന്ന് മന്ത്രി പറഞ്ഞു.

2022-23 വർഷത്തെ സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ വിനിയോഗിച്ച് ക്യാമ്പസിലെ ആട് ഫാമിന് സമീപത്തുള്ള ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ കെട്ടിടത്തിലാണ് സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്നത്. സർവകലാശാലയുടെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ഓഡിയോ, വീഡിയോ സ്റ്റുഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. എം ആർ ശശീന്ദ്രനാഥ് അധ്യക്ഷനായി.