ആറളം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

post

ഡിജിറ്റലൈസേഷനിലൂടെ സേവനങ്ങള്‍ വേഗത്തിലാക്കും: മന്ത്രി കെ. രാജന്‍

കണ്ണൂർ ജില്ലയിലെ ആറളം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനവും കൊട്ടാരം ലക്ഷം വീട് മിച്ചഭൂമി പട്ടയ വിതരണവും റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ നിര്‍വഹിച്ചു. 19 കുടുംബങ്ങള്‍ക്കാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലക്ഷം വീട് പട്ടയം ലഭിച്ചത്.

ഡിജിറ്റലൈസേഷനിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വേഗത്തിലാക്കണമെന്ന ആശയമാണ് റവന്യൂ വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ മേധാവിത്തമുള്ള വകുപ്പായി റവന്യൂ വകുപ്പ് മുദ്ര കുത്തപ്പെടുന്ന സാഹചര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ ജനാധിപത്യവല്‍ക്കരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് തല ജനകീയ സമിതികള്‍ രൂപവല്‍ക്കരിച്ചത്.

ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നാല് തലത്തിലുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ സമിതികള്‍ നിലവില്‍ വരും. ഈ സമിതികള്‍ മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേരും. പ്രാഥമികമായി പരിശോധിച്ചപ്പോള്‍ 1296 കോളനികളിലായി 18935 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ പട്ടയം കൊടുക്കാനുണ്ട്. സമിതികള്‍ വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനായി 10 സെന്റ് ഭൂമി നല്‍കിയ സെന്റ് മേരീസ് ചര്‍ച്ചിന് മന്ത്രി നന്ദി അറിയിച്ചു. വില്ലേജ് ഓഫീസിന് സംരക്ഷണഭിത്തി പണിയാനായി അഞ്ച് ലക്ഷം രൂപ റവന്യൂ വകുപ്പ് അനുവദിച്ചതായി മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പാണ് സംരക്ഷണഭിത്തി നിര്‍മ്മിക്കുക. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി.