നവീകരണം പൂർത്തിയായി; മാനവീയം വീഥി ഗതാഗതത്തിനായി വീണ്ടും തുറന്നു

post

മാനവീയം വീഥി തിരുവന്തപുരം നഗരത്തിനുള്ള ഓണസമ്മാനം: മന്ത്രി മുഹമ്മദ് റിയാസ്

തലസ്ഥാനത്തിന്റെ കലാ-സാംസ്‌കാരിക കേന്ദ്രമായ മാനവീയം വീഥി റോഡ് വീണ്ടും തുറന്നു. നവീകരണം പൂർത്തിയാക്കിയ ശേഷം മാനവീയം വീഥി റോഡ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരത്തിനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ഓണസമ്മാനമാണ് മാനവീയം വീഥി ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


തലസ്ഥാനത്തെ മൂന്ന് മന്ത്രിമാർ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്. തുടർച്ചയായ ഇടപെടലിന്റെയും ടീം വർക്കിന്റെയും നിശ്ചയദാർഢ്യത്തോടുകൂടിയുള്ള മുന്നോട്ട് പോകലിന്റെയും വിജയമായാണ് മാനവീയംവീഥി സമയബന്ധിതമായി തുറന്നുകൊടുക്കാൻ സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡിന്റെ പൂർത്തീകരണത്തിനുവേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കരാറുകാരേയും തിരുവനന്തപുരം നഗരസഭയേയും മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ, എം.ബി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. റോഡിന്റെ വശങ്ങളിൽ മന്ത്രിമാർ വൃക്ഷത്തൈകൾ നട്ടു.


നിയമവിരുദ്ധമായ ഒരു പ്രവർത്തനവും ഇവിടെ നടത്താൻ സർക്കാർ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം നരത്തിലുള്ള എല്ലാവവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ മാനവീയം വീഥിയെ പരിപാലിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. റോഡിലൂടെ സിറ്റിസർക്കുലർ ബസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഓണത്തിന് സർക്കാർ നൽകുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്നാണ് മാനവീയം വീഥിയെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഇത് നന്നായി സൂക്ഷിക്കാനുള്ള കരുതൽ ബന്ധപ്പെട്ട വകുപ്പികളിൽ നിന്നുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വി.കെ പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി.കെ രാജു തുടങ്ങിയവർ പങ്കെടുത്തു.